ദോഹ: കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായ പകർച്ചപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഒക്ടോബർ ഒന്നിന് രാജ്യവ്യാപകമായി ആരംഭിച്ച സീസണൽ ഇൻഫ്ലുവൻസ കുത്തിവെപ്പ് താമസക്കാരും പൗരന്മാരും ഉൾപ്പെടെ എല്ലാവർക്കും സ്വീകരിക്കാമെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ പ്രത്യേകമായും എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.
പകർച്ചപ്പനിയെ നിസ്സാരമാക്കി അവഗണിക്കരുതെന്നും, ചില ഘട്ടങ്ങളിൽ ഗുരുതരമായി മാറാനും ജീവഹാനി വരെ സംഭവിക്കാനുമിടയുണ്ടെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും സാംക്രമിക രോഗ കേന്ദ്രം ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡോ. മുന അൽ മസ്ലമാനി അറിയിച്ചു.
പനി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും, ആരോഗ്യകരമായ വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ സങ്കീർണമാവാൻ ഇടയാകുമെന്നും അവർ ഓർമിപ്പിച്ചു. 50 വയസ്സിനു മുകളിലുള്ളവർ, ഗുരുതരമായ രോഗങ്ങളുള്ളവർ, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പനി വേഗത്തിൽ പകരാൻ സാധ്യത കൂടുതലാണെന്നും ഇവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും നിർദേശിച്ചു.
സൗജന്യ പനി പ്രതിരോധ കുത്തിവെപ്പ് രാജ്യത്തെ 31 പി.എച്ച്.സി.സികൾ ഉൾപ്പെടെ 80ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ ലഭ്യമാണ്. എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾ, 30ഓളം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്, ആശുപത്രികൾ എന്നിവിടങ്ങളിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.