ദോഹ: ഒറ്റക്കാലിൽ തുടർച്ചയായി പിറകിലേക്ക് കരണം മറിഞ്ഞുകൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഖത്തറിലെ മൊറോക്കോക്കാരൻ. ദോഹയിൽ താമസിക്കുന്ന അയൂബ് തൗബെയാണ് 30 സെക്കൻഡിൽ ഏറ്റവും കൂടുതൽ തവണ ഒറ്റക്കാലിൽ ബാലൻസ് ചെയ്ത് കരണംമറിഞ്ഞുകൊണ്ട് വ്യത്യസ്തമായൊരു റെക്കോഡ് കുറിച്ചത്. സിംഗിൾ ലെഗ് ബാക്വാർഡ് സോമർസോൾട്ട് എന്ന പേരിലാണ് യുവാവിന്റെ ശ്രമം ഗിന്നസിൽ എഴുതിച്ചേർത്തത്.
ഇതുവരെ ആരും ശ്രമിച്ചിട്ടില്ലാത്ത പുതിയ ലോക റെക്കോഡായതിനാൽ അയൂബ് തൗബെയുടെ നേട്ടം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഒരു കാലിൽ മാത്രമൂന്നി വായുവിൽ പിറകിലേക്ക് മറിഞ്ഞുകൊണ്ടാണ് ഇയാൾ ചരിത്രമെഴുതിയത്. 30 സെക്കൻഡിൽ 12 തവണയാണ് തൗബെ ഒറ്റക്കാലിൽ കുത്തിപ്പൊങ്ങി പിറകിലോട്ട് തുടർച്ചയായി മറിഞ്ഞത്.
ആഗോളതലത്തിൽ തന്നെ വളരെ കുറച്ചുപേർ മാത്രമേ ഈ ചാട്ടം പരിശീലിക്കുന്നുള്ളൂവെന്നും ദീർഘകാലത്തെ പരിശീലനത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് നേട്ടം കരസ്ഥമാക്കാനായതെന്നും അയൂബ് തൗബെ പറയുന്നു. 23ാം വയസ്സിൽ തുടങ്ങിയതാണ് പരിശീലനം. റെക്കോഡ് നേട്ടത്തിലെത്താൻ 32ാം വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് അയൂബ് തൗബെ പറഞ്ഞു.
2009ലാണ് ഒറ്റക്കാലിൽ ആദ്യമായി പിറകോട്ട് മറിഞ്ഞത്. തുടർച്ചയായി ഇത് ചെയ്തത് 2011ലായിരുന്നു. 10 തവണ തുടർച്ചയായി മറിഞ്ഞത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ പഠനത്തിൽ ലോകത്ത് ഇതുവരെ ആരും ഈ രംഗത്ത് റെക്കോഡിട്ടിട്ടില്ലെന്നും മനസ്സിലാക്കി. 80 കിലോഗ്രാം വിഭാഗത്തിൽ ഇത് ചെയ്യുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ദോഹയിൽ ജിംനാസ്റ്റിക് പരിശീലകനാണ് അയൂബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.