ദോഹ: ആത്മസംസ്കരണത്തിന്റെ മാസമായ റമദാനിൽ വായനക്കാർക്ക് ‘ഗൾഫ് മാധ്യമം’ അക്ഷര സമ്മാനമായി അഹ്ലൻ റമദാൻ പുറത്തിറങ്ങി. നോമ്പിന്റെ വൈവിധ്യമാർന്ന വിശേഷങ്ങളുമായാണ് റമദാനിലെ പ്രത്യേക പതിപ്പ് ഇത്തവണ വായനക്കാരുടെ കൈകളിലെത്തുന്നത്. ദോഹ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ ഗൾഫ് മാധ്യമം- മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഇ. അർഷദിന് നൽകി പ്രകാശനം നിർവഹിച്ചു. ഇ.പി. അബ്ദുൽറഹ്മാൻ, ഇ. അർഷദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ് ‘അഹ്ലൻ റമദാൻ’ പരിചയപ്പെടുത്തി.
കഴിഞ്ഞ 15 വർഷമായി എല്ലാ റമദാനിലും പ്രവാസികൾക്കായി പുറത്തിറക്കുന്ന ‘അഹ്ലൻ റമദാൻ’ പ്രത്യേക പതിപ്പ് ഇത്തവണ വേറിട്ട വിഭവങ്ങളുമായാണ് വായനക്കാരുടെ കൈകളിലെത്തുന്നത്. വിവിധ വൻകരകളിലായി 30 രാജ്യങ്ങളിലെ വൈവിധ്യമാർന്ന നോമ്പനുഭവങ്ങളാണ് പ്രത്യേക പതിപ്പിനെ ആകർഷകമാക്കുന്നത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, പാണക്കാട്ടെ പെൺനോമ്പുകൾ, നടൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ ഉമ്മയുമൊത്തുള്ള നോമ്പ് ഓർമകൾ എന്നിവ വായന കൂടുതൽ വിഭവ സമൃദ്ധമാക്കുന്നു. പ്രകാശന ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഖത്തറിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.