ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ‘ഗൾഫ് മാധ്യമം’ പുറത്തുകൊണ്ടുവന്ന വാർത്തകൾ ഏവരെ ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കേരളത്തിൽനിന്ന് ഒരു മാതാവ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
ഖത്തറിലേക്ക് വന്ന മകൻ ജയിലറക്കുള്ളിലായതിന്റെ പ്രയാസം പറഞ്ഞു കരഞ്ഞുകൊണ്ടാണ് ആ മാതാവ് വിളിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് കുടുംബങ്ങൾ കേരളത്തിനും കേരളത്തിന് പുറത്തുമുണ്ട്. ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ് അശ്രദ്ധയുടെ പേരിൽ അനന്തമായി ജയിലഴികൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ചെറുപ്പത്തിന്റെ മോഹം ഉപയോഗപ്പെടുത്തി അങ്ങനെയുള്ളവരെ കെണിയിൽപെടുത്തുന്ന റാക്കറ്റുകൾ നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
വേണ്ടത്ര വിദ്യാഭ്യാസമോ പ്രായോഗിക പരിജ്ഞാനമോ ഇല്ലാത്ത ചെറുപ്പക്കാരെ കണ്ടെത്തുകയും പല മോഹന വാഗ്ദാനങ്ങൾ നൽകി അവരെ ചതിയിൽപെടുത്തുകയുമാണ് ചെയ്യുന്നത്. പലപ്പോഴും ബോധത്തോടുകൂടി തന്നെ ശിക്ഷയുടെ പ്രത്യാഘാതം മനസ്സിലാക്കാതെ ഇത്തരം കെണിയിൽ പെടുന്നവരും ഏറെയാണ്. ഗൾഫ് രാജ്യങ്ങളിലെ മയക്കുമരുന്ന് കള്ളക്കടത്തുകളുമായി ബന്ധപ്പെട്ട കുറ്റത്തിന് പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള ശിക്ഷയാണുള്ളത് എന്ന് അറിയുന്നവരാണ് ഭൂരിഭാഗം പേരും.
പ്രത്യേകിച്ച് ഈ കാലത്ത് കണ്ടുവരുന്നത് നാട്ടിൽനിന്ന് തായ്ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് വിസ കൊടുത്ത് അവിടുന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്ന രീതിയാണ്. നമുക്ക് പരിചയമില്ലാത്ത നാടുകളിലേക്ക് വിസ ഓഫറുകൾ തരുന്നത് ഇത്തരം റാക്കറ്റുകൾക്ക് ഉപയോഗപ്പെടുത്താനാണെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കണം. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ് നേതൃത്വത്തിൽ ഓരോ ആഴ്ചകളിലും ജയിൽ സന്ദർശിക്കുമ്പോൾ ഇത്തരത്തിൽ കുടുങ്ങിപ്പോയ ഒരുപാട് പേരുടെ കദന കഥകൾ കേൾക്കാറുണ്ട്. വിദ്യാസമ്പന്നരായ പെൺകുട്ടികൾപോലും ഇത്തരം കെണികളിൽപെടുന്നു എന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്.
അതോടൊപ്പം അതീവ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ് നാട്ടിൽനിന്ന് കൊണ്ടുവരുന്ന വേദന സംഹാരികൾ പോലുള്ള മരുന്നുകളും. മരുന്നുകൾ കൊണ്ടുവരുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട മരുന്നുകൾ കൂട്ടത്തിലുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുകയും അതേക്കുറിച്ച് വിശദമായി അറിയുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യേണ്ടതാണ്.
ഓരോ ആഴ്ചകളിലെ ജയിൽ സന്ദർശനത്തിനുശേഷവും പുതിയ പുതിയ കേസുകൾ ഈ രൂപത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് ഇന്ത്യയിലുടനീളം ഈ റാക്കറ്റുകൾ സജീവമാണ് എന്നതിന്റെ തെളിവാണ്.
നാട്ടിലെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ, മതസാമൂഹിക സംഘടനകൾ, ക്ലബുകളൊക്കെ ഈ കാര്യത്തിൽ ജനകീയമായ ബോധവത്കരണം ഇനിയും നടത്തേണ്ടതുണ്ട്. മാത്രമല്ല ഇത്തരം റാക്കറ്റുകളെ കണ്ടെത്തി അവരെ നിയമപരമായി നേരിട്ട് ഇല്ലായ്മ ചെയ്യാൻ കർശനമായ പൊലീസ് നടപടികളുമായി കേരളത്തിലേതുൾപ്പെടെ മറ്റു സംസ്ഥാന ഗവൺമെന്റുകളും മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെ ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലും ഇത് കടത്തിവിടാനാവാത്ത രൂപത്തിൽ കണ്ടുപിടിക്കാനുള്ള കർശന സംവിധാനങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്.
പ്രവാസലോകത്തെ മുഴുവൻ കൂട്ടായ്മകളുടെയും അജണ്ടയുടെ ഒരു ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള ബോധവത്കരണങ്ങളുണ്ടായിരിക്കണം. എംബസികൾക്കും സാമൂഹിക പ്രവർത്തകർക്കും ഇടപെടാൻ ഏറെ പരിമിതികളും ഏറെ തലവേദനകളുമുള്ള കേസുകളാണ് മയക്കുമരുന്ന് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.