ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഗ്ലോബൽ ട്രാവലറിന്റെ 20ാം വാർഷിക ജി.ടി ടെസ്റ്റഡ് റീഡർ സർവേ അവാർഡുകളിൽ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയാണ് ഹമദ് വിമാനത്താവളത്തെ തേടിയെത്തിയത്. ഇത് തുടർച്ചയായ ഏഴാം തവണയാണ് ഹമദ് വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ബിസിനസ് ട്രാവൽ മേഖലയിലെ അഭിമാനകരമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ബഹുമതിയാണിത്. യാത്രക്കാർക്ക് മികച്ച സേവനവും ഉന്നത നിലവാരവും ഉറപ്പാക്കുന്നതിലുള്ള അംഗീകാരമായാണ് അന്താരാഷ്ട്ര പുരസ്കാരമെത്തുന്നത്.
യാത്രാ മുൻഗണനകളുടെ മേഖലയിൽ തുടർച്ചയായ 20ാം വർഷമാണ് ഗ്ലോബൽ ട്രാവലർ വിമാനത്താവള അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി തങ്ങളുടെ പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായം ആരായുന്നത്. േഗ്ലാബൽ ട്രാവലറിന്റെ വായനക്കാരിൽനിന്ന് തുടർച്ചയായി ഏഴാം വർഷവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പുരസ്കാരം നേടിയതിന് ഹമദ് വിമാനത്താവളത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് സി.ഇ.ഒ ഫ്രാൻസിസ് എക്സ് ഗാലഗർ പറഞ്ഞു. മികച്ച കണക്ടിവിറ്റിക്കും മനോഹരമായ ലോഞ്ചുകൾക്കുമായി ദോഹയിലേക്കോ അതിലൂടെയുള്ള യാത്രകളോ വ്യക്തിപരമായി ഏറെ ആസ്വദിക്കുന്നുവെന്നും ഗാലഗർ കൂട്ടിച്ചേർത്തു.
മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളമെന്ന അവാർഡ് തുടർച്ചയായ ഏഴാം തവണയും നേടിയതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അബ്ദുല്ല അൽമാസ് നേട്ടത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.