ദോഹ: സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും ഊന്നൽ നൽകിയുള്ള ഷോപ്പിങ്, റീട്ടെയിൽ മികവിന് അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി ഖത്തറിലെ അൽ ഖോർ ലുലുമാൾ. മിഡിലീസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ് സെന്റേഴ്സ് ആൻഡ് റീട്ടെയിലേഴ്സിന്റെ (എം.ഇ.സി.എസ് പ്ലസ് ആർ) സിൽവർ പുരസ്കാരമാണ് ലുലു അൽ ഖോർ മാളിനെ തേടിയെത്തിയത്. എം.ഇ.സി.എസ്.ആർ ചെയർമാൻ ഡോ. യൂനിസ് അൽ മുല്ല, സി.ഇ.ഒ ഡേവിഡ് മകാഡം എന്നിവർ റിയാദിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ഊർജ ഉപഭോഗം കുറച്ചുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ കുറക്കുകയും, ഒപ്പം സാമ്പത്തിക നേട്ടം സ്വന്തമാക്കുകയും ചെയ്തുകൊണ്ടുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് സസ്റ്റൈനബിലിറ്റി എക്സലൻസ് വിഭാഗത്തിലെ സിൽവർ പുരസ്കാരം അൽ ഖോർ മാളിനെ തേടിയെത്തിയത്.
പ്രവർത്തന നിലവാരത്തിലും സുസ്ഥിരതയിലും ഉപഭോക്തൃ അനുഭവത്തിലുമായി ലുലു ഗ്രൂപ്പിന് സുപ്രധാന അംഗീകാരം കൂടിയാണ് മിഡിലീസ്റ്റ് മേഖലയിലെ ഈ പുരസ്കാരം.
അൽഖോറിലെ ആദ്യ പ്രീമിയം ഷോപ്പിങ് കേന്ദ്രം എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ലുലു മാൾ സുസ്ഥിരതയും ഊർജ കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ടാണ് ശ്രദ്ധേയമായത്. അന്താരാഷ്ട്ര നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ്, സിനിമ കേന്ദ്രം, അമ്യൂസ്മെന്റ് സോണുകൾ, ഫുഡ് കോർട്ട്, റസ്റ്റാറന്റുകൾ, കഫേ, കൂടാതെ നൂറിലധികം ആഗോള ബ്രാൻഡുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് അൽ ഖോറിലെ പ്രധാന ഷോപ്പിങ് ആസ്ഥാനമായി മാറി.
വിശാല പാർക്കിങ്ങിനൊപ്പം അറബിക് വാസ്തുവിദ്യ സമന്വയിപ്പിച്ച ഇടം സ്വദേശികളുടെയും പ്രവാസികളുടെയും ഒഴിവുസമയത്തിനും ഷോപ്പിങ്ങിനുമുള്ള കേന്ദ്രവുമാണ്. ഡിജിറ്റലൈസേഷൻ, വേസ്റ്റ് മാനേജ്മെന്റ്, സുസ്ഥിര റീട്ടെയിൽ അനുഭവം, പ്ലാസ്റ്റിക് ഫ്രീ ഷോപ്പിങ്, പരിസ്ഥിതി സൗഹൃദ പദ്ധതികൾ എന്നിവയിലൂടെയും അൽ ഖോർ മാൾ ഉപഭോക്തൃ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു.
എനർജി മാനേജ്മെന്റ് സൊലൂഷനിലെ പ്രമുഖരായ ‘ഹണിവെല്ലു’മായി സഹകരിച്ചാണ് ലുലുമാൾ ഊർജ ഉപഭോഗത്തിലെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്നത്. മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ മാളിൽ തത്സമയം ആവശ്യമായ ഊർജ ഉപയോഗം കണക്കാക്കുകയും അതിനനുസരിച്ച് താപനില നിലനിർത്തുകയും ചെയ്യും.
ഫാൻ സ്പീഡ്, ശീതീകരണ സംവിധാനങ്ങൾ തുടങ്ങിയവയുടെ സൂക്ഷ്മമായ ഉപയോഗത്തിലൂടെ വലിയ അളവിൽ ഊർജ ഉപയോഗം കുറക്കുന്നു. ഒന്നര വർഷംകൊണ്ട് 15 ശതമാനമാണ് ഊർജ ഉപയോഗത്തിൽ ലാഭം നേടാൻ കഴിഞ്ഞതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.