ദോഹ: ഖത്തറിലെ പൊതുജനാരോഗ്യ സ്ഥാപനമായ ഹമദ് മെഡിക്കൽ കോർപറേഷൻ നഴ്സ് ടെക്നീഷ്യൻ (നഴ്സ് എയിഡ്) തസ്തികകളിലെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ആരംഭിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ സമൂഹമാധ്യമ പേജ് വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്വകാര്യ, സർക്കാർ ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളെ താൽക്കാലിക നിയമനത്തിനായി പരിഗണിക്കില്ല.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പി, ഖത്തർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി, പാസ്പോർട്ട് കോപ്പി, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) എന്നിവയുമായാണ് ഇന്റർവ്യൂവിന് എത്തേണ്ടത്. കുടുംബ വിസയിൽ ഉള്ളവർ അവരുടെ സ്പോൺസറിൽനിന്ന് എൻ.ഒ.സി, സ്പോൺസറുടെ തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കണം. കമ്പനി സ്പോൺസർ ചെയ്യുന്നതാണെങ്കിൽ കമ്പനി ലെറ്റർ ഹെഡിൽ, സ്പോൺസറുടെ ക്യു.ഐഡി കോപ്പി, സി.ആർ കോപ്പി എന്നിവ സഹിതം എൻ.ഒ.സി ഹാജരാക്കണം. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം 18 മാസം അല്ലെങ്കിൽ രണ്ടുവർഷത്തെ നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർ, അല്ലെങ്കിൽ ഒമ്പത് വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മൂന്ന് വർഷ നഴ്സിങ് സെക്കൻഡറി ഡിപ്ലോമ പൂർത്തിയാക്കി ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി ഗസ്റ്റ് ഹൗസിലാണ് അഭിമുഖം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.