ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി ഖത്തർ. ഈ വർഷം ഫെബ്രുവരിയിൽ 40 ലക്ഷത്തിലധികം യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തതെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും 2024 ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തിന്റെ കുറവുണ്ടായി.
പ്രതിവർഷ കണക്കിൽ കുറഞ്ഞെങ്കിലും, ആകെ യാത്രക്കാരുടെ എണ്ണത്തിലെ വർധന ഖത്തറിന്റെ വ്യോമയാന മേഖലയുടെ സുസ്ഥിരമായ വളർച്ചയെയും ശക്തിയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള യാത്രക്കാരെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കേന്ദ്രങ്ങളിലൊന്നായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇതിനകം തന്നെ മാറിക്കഴിഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ 21,155 വിമാനങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (22,737) നേരിയ കുറവ് രേഖപ്പെടുത്തി.
ആഗോള സാമ്പത്തിക അനിശ്ചിതത്വം, ചില പ്രദേശങ്ങളിലെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഈ കുറവിന്റെ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. എയർ കാർഗോ, മെയിൽ എന്നിവയിലും കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ 6.1 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ചരക്ക് നീക്കത്തിലുണ്ടായ ആഗോള പ്രവണതകളാണ് ഇതിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.