ദോഹ: ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം ശരീരവും നിർജലീകരിക്കുന്ന നാളുകളാണ് മുന്നിലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. ഈയാഴ്ചയിലെ വരും ദിവസങ്ങളിൽ പകലിലും രാത്രിയിലും ‘ഹ്യുമിഡിറ്റി’ (ഈർപ്പമുള്ള കാലാവസ്ഥ) സജീവമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ ചൂടിനൊപ്പം ഹ്യുമിഡിറ്റി കൂടി എത്തുന്നതോടെ പൊതുജനങ്ങൾ ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.
കഴിഞ്ഞാഴ്ചയിൽ തന്നെ നേരിയ തോതിൽ ഹ്യുമിഡിറ്റി തുടങ്ങിയിരുന്നു. ചൂടും, ഒപ്പം അമിതമായി വിയർക്കുന്നതും നിർജലീകരണത്തിന് കാരണമാവും. ഈ സാഹചര്യത്തിൽ വേണ്ട ശാരീരിക മുൻകരുതലാണ് ആവശ്യം. കിഴക്കൻ കാറ്റ് വീശിത്തുടങ്ങിയതാണ് കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥ വിഭാഗം ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു. അടുത്താഴ്ച ആരംഭിക്കുന്നതുവരെ ഹ്യുമിഡിറ്റിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, ചൊവ്വാഴ്ച ഖത്തറിന്റെ കടൽത്തീരത്തും ചില കിഴക്കൻ തീരപ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്തിരുന്നു. 40 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ താപനില രേഖപ്പെടുത്തിയത്. അൽ ഖോറിൽ 42ഉം, അബു സംറയിൽ 43ഉം ഡിഗ്രി താപനില രേഖപ്പെടുത്തി. ചൊവ്വാഴ്ച ദോഹ ഹമദ് വിമാനത്താവളത്തിൽ കൂടിയ താപനില 38 ഡിഗ്രിയായിരുന്നെങ്കിൽ ഖത്തർ യൂനിവേഴ്സിറ്റിയിലും മിസൈദിലും 45 ഡിഗ്രിയും, വക്റയിൽ 41ഉം രേഖപ്പെടുത്തി.
ചൂടും ഹ്യുമിഡിറ്റിയും ശക്തമാവുന്ന സാഹചര്യത്തിൽ ശാരീരിക മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയും സമൂഹ മാധ്യമങ്ങളിലൂടെ നിർദേശവും നൽകി. മലയാളം, ഹിന്ദി, ബംഗ്ല ഉൾപ്പെടെ വിവിധ ഭാഷകളിലായാണ് നിർദേശങ്ങൾ നൽകിയത്. നിർജലീകരണമുണ്ടാകുന്ന സാഹചര്യങ്ങൾ മൂത്രത്തിന്റെ നിറവ്യത്യാസത്തിലൂടെ തിരിച്ചറിഞ്ഞ് ആവശ്യത്തിന് വെള്ളം കുടി തുടരണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.