ദോഹ: വേനൽചൂടിൽ ആളുകൾ ജലാശയങ്ങളിൽ പോകുന്നത് വർധിച്ച സാഹചര്യത്തിൽ വെള്ളത്തിലെ അപകടങ്ങളും മുങ്ങിമരണവും ഒഴിവാക്കാൻ ബോധവത്കരണവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. കടൽതീരങ്ങളിലോ നീന്തൽക്കുളങ്ങളിലോ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രത്യേകിച്ച് കുട്ടികൾ പാലിക്കേണ്ട സുരക്ഷ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി എച്ച്.എം.സി ലഘുലേഖ പുറത്തിറക്കി.
ചെറിയ കുട്ടികളെ ജലാശയത്തിന് സമീപം ശ്രദ്ധിക്കാതെ വിടരുതെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമെങ്കിൽപോലും, സുരക്ഷാ മുൻകരുതലെന്ന നിലയിൽ മുതിർന്നവരുടെ മേൽനോട്ടം ഉണ്ടാകണം. ഓരോ പ്രായക്കാർക്കും അനുയോജ്യമായ നീന്തൽ വസ്ത്രങ്ങളാണ് അവർ ധരിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ലൈഫ് ജാക്കറ്റുകൾ, റെസ്ക്യൂ, ഫ്ലോട്ടിങ് ഉപകരണങ്ങൾ എന്നിവ ലഭ്യമാണെന്ന് ഉറപ്പാക്കണം, നീന്തൽ ഫ്ലോട്ട് ധരിക്കുന്നതാണ് നല്ലത്. അംഗീകൃത പരിശീലകർ നേതൃത്വം നൽകുന്ന നീന്തൽ ക്ലാസുകളിൽ ചേരാൻ ഹമദ് മെഡിക്കൽ കോർപറേഷൻ നിർദേശിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഒറ്റക്ക് നീന്തുന്നത് ഒഴിവാക്കി പങ്കാളിക്കൊപ്പം നീന്തുന്നതാണ് നല്ലതെന്ന് ലഘുലേഖയിൽ പറയുന്നു. കടലിൽ പോകുന്നവർ കാലാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും നിർദേശമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് ഓരോ വർഷവും 2,36,000 ആളുകൾ മുങ്ങിമരിക്കുന്നു. 5-14 വയസ്സ് പ്രായമുള്ള കുട്ടികളുടെ പത്ത് പ്രധാന മരണകാരണങ്ങളിൽ ഒന്നാണ് മുങ്ങിമരണം. ഖത്തറിൽ ശരാശരി ഓരോ വർഷവും 25 പേർ മുങ്ങിമരിക്കുന്നു; അവരിൽ 30 ശതമാനം കുട്ടികളാണ്. ജൂലൈ 25ന് ലോക മുങ്ങൽ പ്രതിരോധ ദിനമായി ആചരിക്കുന്നതിന് മുന്നോടിയായാണ് ഹമദ് മെഡിക്കൽ കോർപറേഷൻ മാർഗനിർദേശം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.