മിന്നും ഡിസൈനുണ്ടെങ്കിൽ പൊന്നുംവിലയുള്ള സമ്മാനമുണ്ട്​

ദോഹ: ഖത്തറി​​െൻറ സംസ്​കാരവും പൈതൃകവും വികസനവും വിളി​ച്ചോതുന്ന ആശയങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, അവ മനോഹരമായ രൂപകൽപനയിലൂടെ പകർത്താൻ അവസരം. ഖത്തർ ടൂറിസവും മുവാസലാത്തും (കർവ) അഭിമാനത്തോടെ പുറത്തിറക്കാനൊരുങ്ങുന്ന '​ഐകണിക്​ ലിമോസിൻ' ആഡംബര കാറി​െൻറ എക്​സ്​റ്റീരിയർ ഡിസൈനിങ്ങിനാണ്​ സ്വദേശികൾക്കും പ്രവാസികൾക്കുമായി അവസരം ഒരുക്കുന്നത്​.

മത്സരത്തിൽ പ​ങ്കെടുക്കുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്ന രൂപകൽപനക്ക്​ ഒരു ലക്ഷം റിയാലാണ്​ സമ്മാനത്തുക. വൈദ്യുതി ആഡംബര കാറുകൾ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് 'ഐക്കണിക് ലിമോസിൻ' കാറുകൾക്ക് രൂപകൽപനകൾ ക്ഷണിച്ച് മുവാസലാത്തും ഖത്തർ ടൂറിസവും രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തി‍െൻറ സാംസ്​കാരിക സ്വത്വവും പൈതൃകയും ആഘോഷിക്കുന്ന ഖത്തർ ടൂറിസത്തി‍െൻറ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഖത്തർ ടൂറിസത്തി​െൻറ പാനൽ തിരഞ്ഞെടുക്കുന്ന ഡിസൈനുകൾ പൊതുജനങ്ങൾക്കിടയിലെ വോട്ടിങ്ങിനായി സമർപ്പിക്കും. തുടർന്ന്​, വിദഗ്​ധർ അടങ്ങിയ പാനലാവും ഏറ്റവും മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നത്​. ഒരു ലക്ഷം റിയാൽ സമ്മാനത്തിന്​ പുറമെ, ഡിസൈനറുടെ പേര്​ ഉൾക്കൊള്ളിച്ചാവും ഐകണിക്​ ലിമോസിൻ പുറത്തിറങ്ങുന്നത്​. പൊതുജനങ്ങളുടെ വോ​ട്ടെടുപ്പിൽ മുന്നിലെത്തുന്ന രൂപകൽപനക്ക്​ 50,000 റിയാൽ സമ്മാനം നൽകും. 18 വയസ്സായ, ഖത്തരി ഐ.ഡിയുള്ള രാജ്യത്തെ താമസക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ അറിയുന്നതിനും www.iconiclimousinedesign.qa എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡിസൈൻ മത്സരം പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഖത്തറി‍െൻറ വിനോദസഞ്ചാര ഉൽപന്നങ്ങളും അനുഭവങ്ങളും വികസിപ്പിക്കുന്നതിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പങ്കെടുക്കാനുള്ള അവസരമാണിതെന്നും ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ്​ ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ ടൂറിസത്തി‍െൻറ സർവിസ്​ എക്സലൻസ്​ സംരംഭങ്ങളുടെ ഭാഗമായി 'ഐക്കണിക് ലിമോസിൻ' ലോകത്തിന് മുന്നിൽ ഖത്തർ പ്രദർശിപ്പിക്കുമെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.

ആഡംബരവും സുസ്​ഥിരതയും സംയോജിപ്പിച്ചാണ് 'ഐക്കണിക് ലിമോസിന്' രൂപം നൽകുന്നതെന്നും പൊതുഗതാഗത മേഖല വൈദ്യുതീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും മുവാസലാത്ത് (കർവ) സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി പറഞ്ഞു.

ഏറ്റവും മികച്ച രൂപരേഖകൾ ഖത്തർ ടൂറിസം പാനൽ തിരഞ്ഞെടുക്കുകയും ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി മുന്നോട്ടുവെക്കുകയും ചെയ്യും.

പ്രമുഖരടങ്ങുന്ന പ്രത്യേക ജൂറിയും രൂപരേഖകൾക്ക് മാർക്കിടും.

തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈൻ ജൂറി പ്രഖ്യാപിക്കുകയും ആഡംബര വൈദ്യുതി ലിമോസിനുകൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ജനങ്ങളുടെ വോട്ടെടുപ്പിൽ മുന്നിലെത്തുന്ന ഡിസൈനുകൾക്ക് 'പീപ്ൾ'സ്​ ചോയ്സ്​ അവാർഡും ലഭിക്കും. 

Tags:    
News Summary - If there is a glittering design, there is a gift of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.