സി.ഐ.സി നടത്തിയ ‘ഹലാൽ നിക്ഷേപം: അവസരങ്ങൾ, സാദ്ധ്യതകൾ’ പരിപാടിയിൽ ബംഗളൂരു ആസ്ഥാനമായ ഐ.ഡി ഫ്രഷ് സി.ഇ.ഒ പി.സി. മുസ്തഫ സംസാരിക്കുന്നു

'മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നവീന സംരംഭങ്ങൾക്ക്​ എന്നും സാധ്യത'

ദോഹ: മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നവീന ആശയങ്ങൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമ്പോഴാണ് ബിസിനസ്​ സംരംഭങ്ങൾ വിജയിക്കുകയെന്ന് ബംഗളൂരു ആസ്ഥാനമായ ഐ.ഡി ഫ്രഷ് സി.ഇ.ഒ പി.സി. മുസ്തഫ അഭിപ്രായപ്പെട്ടു. സി.ഐ.സി വക്റ സോൺ സംഘടിപ്പിച്ച 'കോവിഡ് 19: പ്രവാസം, അതിജീവനം' ടോക് സീരീസിൽ അഞ്ചാമത്തെ സെഷനായ 'ഹലാൽ നിക്ഷേപം: അവസരങ്ങൾ, സാദ്ധ്യതകൾ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്യമായ ഉൽപന്നം തിരഞ്ഞെടുത്ത് നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തി രാജ്യത്തെ നിയമങ്ങൾ പാലിച്ചുകൊണ്ടാകണം ബിസിനസ്​ മുന്നോട്ടുപോകേണ്ടത്. വളരെ പ്രയാസകരമാണെങ്കിലും പലിശ ഉൾപ്പെടുന്ന ഇടപാടുകളിൽനിന്ന് വിട്ടുനിൽക്കുകയും ലഭിക്കുന്ന വരുമാനത്തിൽനിന്ന്​ സകാത്ത് അഥവാ അർഹരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുമ്പോഴാണ് ബിസിനസ്​ കൂടുതൽ വികസനോന്മുഖവും സമൂഹത്തെ ശക്തിപ്പെടുത്തുന്നതുമാകുന്നതെന്നും തൻെറ ബിസിനസ്​ അനുഭവങ്ങൾ വിവരിച്ച്​ അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി കേന്ദ്രമായ 'കൻസ് വെൽത്ത്' സി.ഇ.ഒ സനൂപ് സിദ്ദീഖ് മ്യൂച്വൽ ഫണ്ട്, സ്​റ്റോക്ക് മാർക്കറ്റ് തുടങ്ങിയ രംഗങ്ങളിലെ ധാർമിക നിക്ഷേപാവസരങ്ങളെ പരിചയപ്പെടുത്തി. സാധാരണക്കാരായ പ്രവാസികൾക്കും തുടക്കക്കാർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ അനുയോജ്യ മായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടാറ്റ എത്തിക്കൽ ഫണ്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് 'ടാറ്റ മ്യൂച്വൽ ഫണ്ട്' കേരള ഹെഡ് ധനേഷ് കുമാർ സംസാരിച്ചു. സി.ഐ.സി വക്റ സോൺ പ്രസിഡൻറ്​ മുസ്തഫ കാവിൽകുത്ത് ആമുഖ ഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ഉമ്മർ സാദിഖ് മോഡറേറ്ററായിരുന്നു. സൂം, എഫ്.ബി ലൈവുകളിലായി നടന്ന പരിപാടിയിലും ചോദ്യോത്തര സെഷനിലും ആയിരത്തിലധികം പേർ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.