ദോഹ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫാൽകൺ പക്ഷികൾമുതൽ, പക്ഷിവേട്ടക്കുള്ള തോക്കും മരുഭൂമിയിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളുമെല്ലാം ഒരു കുടക്കീഴിലൊരുക്കുന്ന ‘സുഹൈൽ’ അന്താരാഷ്ട്ര ഫാൽകൺ പ്രദർശനത്തിനുള്ള തയാറെടുപ്പുകൾ സജീവമാക്കി കതാറ കൾചറൽ വില്ലേജ്. സെപ്റ്റംബർ 10 മുതൽ 14വരെയാണ് മേഖലയിലെതന്നെ ഏറ്റവും വലിയ ഫാൽകൺ ആൻഡ് ഹണ്ടിങ് പ്രദർശനത്തിന് ഖത്തർ വേദിയാകുന്നത്. കതാറ ഇൻറർനാഷനൽ പ്രദർശനത്തിന്റെ എട്ടാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്.
കതാറയിലെ കൂറ്റൻ പ്രദർശന വേദിമുതൽ പവലിയനുകൾവരെയുള്ള തയാറെടുപ്പുകൾ വിലയിരുത്തിയതായി കതാറ കൾചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതി പറഞ്ഞു. തയാറെടുപ്പുകൾ സംഘാടക സമിതി വിലയിരുത്തി.
പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ തുടങ്ങിയ അരങ്ങേറ്റക്കാർ ഉൾപ്പെടെ ഇത്തവണ 21 രാജ്യങ്ങളാണ് അന്താരാഷ്ട്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വേട്ട ഉപകരണങ്ങൾ, കാമ്പിങ് ഉപകരണങ്ങൾ, വാഹനങ്ങൾ, ഫാൽകൺ പക്ഷികളെ വളർത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ എന്നിവ വിൽക്കുന്ന 300 കമ്പനികളും പ്രദർശനത്തിൽ ഭാഗമാവും. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയും സുഹൈൽ 2024ൽ പങ്കെടുക്കുന്നുണ്ട്.
ഇതാദ്യമായി വിവിധ ബ്രാൻഡ് ഉടമകൾക്ക് തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രവർത്തനം സന്ദർശകർക്ക് മുമ്പാകെ അവതരിപ്പിക്കാനും സുഹൈലിൽ സൗകര്യമൊരുക്കുന്നതായി സംഘാടകർ അറിയിച്ചു. ഉന്നത ഇനങ്ങളിലുള്ള ഫാൽകൺ പക്ഷികളുടെ പ്രദർശനവും ലേലവുമാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മികച്ച ബ്രീഡ് ഫാൽകൺ പക്ഷികളുമായി പ്രദർശകർ മേളയിലെത്തും. ഇതോടൊപ്പം, വിവിധ സ്റ്റാളുകൾക്കായും സംഘാടകർ മത്സരമൊരുക്കുന്നുണ്ട്. മുൻവർഷങ്ങളെക്കാൾ ഇരട്ടിയോളം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.