ദോഹ: പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന കുഞ്ഞുകൂട്ടുകാരെ അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ‘ബാക് ടു സ്കൂൾ’ കാമ്പയിന് തുടക്കം. ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ മുവാസലാത് (കർവ)യുമായി ചേർന്ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് കാമ്പയിന് തുടക്കം കുറിച്ചത്. ‘എന്റെ വിദ്യാലയം, എന്റെ രണ്ടാം വീട്’ എന്ന പ്രമേയത്തിലാണ് പുതിയ അധ്യയന വർഷത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാക് ടു സ്കൂൾ പ്രചാരണം. ഞായറാഴ്ച ആരംഭിച്ച പരിപാടികൾ ആഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.
കളിയും വിനോദവും വിജ്ഞാനവുമായി പുതിയ അധ്യയന കാലത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന പരിപാടികളുമായാണ് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ബാക് ടു സ്കൂൾ സജ്ജീകരിച്ചത്. ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ വിവിധ കളികളുമായി കുട്ടികളെ വരവേൽക്കുന്നു.
എല്ലാ പ്രായവിഭാഗങ്ങളിലുള്ള കുട്ടികളെയും ഉൾക്കൊള്ളുന്ന വിനോദ, വിജ്ഞാന പരിപാടികളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ആരോഗ്യകരവും പോസിറ്റീവുമായ സ്കൂൾ അന്തരീക്ഷത്തിൽ പഠനത്തിന്റെ പ്രാധാന്യം ബോധവത്കരിക്കുന്നതിനായി ശിൽപശാലകൾ, കുട്ടികളുടെ ആരോഗ്യം, റോഡ് സുരക്ഷാ അടിസ്ഥാനകാര്യങ്ങൾ എന്നിവയിലും അറിവ് നൽകുന്നു. നീണ്ട ഇടവേളക്കുശേഷം തിരികെയെത്തുന്ന വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തേക്ക് മാനസികമായികൂടി തയാറെടുക്കാൻ സഹായിക്കുന്നതാണ് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പരിപാടികൾ. നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത്തവണ ‘ബാക് ടു സ്കൂൾ’ ആരംഭിക്കുന്നത്.
വിദ്യാർഥികൾക്ക് പ്രചോദനം പകരുന്ന ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ബാക് ടു സ്കൂൾ കാമ്പയിൻ നിർണായക പങ്കുവഹിക്കുന്നതായി മുവാസലാത്ത് സ്ട്രാറ്റജി മാനേജ്മെന്റ് ഓഫിസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് അബുഖദിജ പറഞ്ഞു. വിദ്യഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കുചേരാനായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും വിദ്യാർഥികൾക്ക് സ്കൂളിലേക്ക് തിരികെ പോകാനും മികച്ച തയാറെടുപ്പിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.