ദോഹ: വൈദ്യശാസ്ത്ര രംഗത്തെ ഉന്നത അംഗീകാരങ്ങളിലൊന്നായ യുനൈറ്റഡ് സ്റ്റേറ്റ്സ് ജോയന്റ് കമീഷൻ ഇന്റർനാഷനൽ (ജെ.സി.ഐ) അംഗീകാരം തുടർച്ചയായ 16ാം വർഷവും ഹമദ് മെഡിക്കൽ കോർപറേഷന്. ആരോഗ്യ മേഖലയിൽ സുരക്ഷിതമായും കാര്യക്ഷമതയോടെയും ആരോഗ്യ പരിരക്ഷ നൽകുന്നതിലെ കോർപറേഷന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരമായാണ് ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ 16 വർഷത്തിനിടെ 40ലധികം തവണ എച്ച്.എം.സി ആശുപത്രികൾ ജെ.സി.ഐ അംഗീകാരം നേടിയിട്ടുണ്ട്. എല്ലാ രോഗികൾക്കും അന്താരാഷ്ട്ര ഉന്നത നിലവാരത്തോടെ സുരക്ഷിതമായും ഗുണനിലവാരത്തോടെയും ചികിത്സ ഉറപ്പാക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് എച്ച്.എം.സി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ആരോഗ്യ ചികിത്സ ഗുണനിലവാരം, രോഗിസുരക്ഷ എന്നീ വിഷയങ്ങളിൽ ആഗോള തലത്തിൽതന്നെ ഏറ്റവും ഉന്നത അംഗീകാരമായാണ് ജെ.സി.ഐ അംഗീകാരത്തെ കണക്കാക്കുന്നത്. റുമൈല ആശുപത്രി, ഹമദ് ജനറൽ ആശുപത്രി, അൽഖോർ ആശുപത്രി, നാഷനൽ സെന്റർ ഫോർ കാൻസർ ആൻഡ് റിസർച്ച്, ഹാർട്ട് ആശുപത്രി, അൽ വക്റ ആശുപത്രി, ക്യൂബൻ ആശുപത്രി, വിമൻസ് വെൽനസ് റിസർച്ച് സെന്റർ, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ആംബുലേറ്ററി കെയർ സെന്റർ, കമ്യൂണിക്കബിൾ ഡിസീസ് സെന്റർ (സി.ഡി.സി), ഹമദ് ഡെന്റൽ സെന്റർ, ലോങ് ടേം കെയർ, മെന്റൽ ഹെൽത്ത് സർവിസ് തുടങ്ങി എച്ച്.എം.സിക്ക് കീഴിലെ ആശുപത്രികളും സ്ഥാപനങ്ങളും ജെ.സി.ഐ അംഗീകാരം നേടിയിട്ടുണ്ട്.
എച്ച്.എം.സിയുടെ ആംബുലൻസ് സർവിസും ഹോം കെയർ സർവിസും ഈ അംഗീകാരത്തിന് അർഹമായിട്ടുണ്ട്. അതേസമയം, സപ്പോർട്ട് ആൻഡ് പാലിയേറ്റിവ് കെയർ, അക്യൂട്ട് സ്ട്രോക്ക് സർവിസ്, ഡയബറ്റിസ് മെലിറ്റസ് എന്നിവ ജെ.സി.ഐ നൽകുന്ന ക്ലിനിക്കൽ കെയർ സർട്ടിഫിക്കേഷൻ പ്രോഗ്രാം അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. 2006ലാണ് ആദ്യമായി എച്ച്.എം.സി ആശുപത്രിക്ക് ജെ.സി.ഐ അംഗീകാരം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.