ദോഹ: ഖത്തർ ആവേശപൂർവം കാത്തിരിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് റിയാമണി ‘ഖത്തർ റൺ’ നാലാം പതിപ്പിന്റെ ജഴ്സി പ്രകാശനം നടന്നു. പരിപാടിയുടെ റേഡിയോ പാർട്ണർമാരായ ഒലിവ് സുനോ റേഡിയോ നെറ്റ് വർക്ക് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ആർ.ജെ. അപ്പുണ്ണിയാണ് പ്രകാശനം നിർവഹിച്ചത്.
ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ്. സാജിദ്, ആർ.ജെ. അഷ്ടമി, ഒലിവ് റേഡിയോ നെറ്റ്വർക്ക് മാർക്കറ്റിങ് മേധാവി മുഹമ്മദ് ബഷായിർ, പി.ആർ ആൻഡ് മാർക്കറ്റിങ് മാനേജർ ഒ.ടി. സക്കീർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫെബ്രുവരി 24നാണ് ഖത്തറിലെ ഏറ്റവും അഭിമാനകരമായ ദീർഘ-ഹ്രസ്വദൂര മത്സരവേദികളിലൊന്നായി മാറിയ ഖത്തർ റണ്ണിന്റെ നാലാം പതിപ്പിന് വേദിയൊരുങ്ങുന്നത്. അൽബിദ പാർക്കിലാണ് ‘ഖത്തർ റൺ’ അരങ്ങൊരുങ്ങുക. 24ന് വെള്ളിയാഴ്ച രാവിലെ 6.30നാണ് അതിവിശിഷ്ട പോരാട്ടങ്ങളിലേക്ക് വിസിൽ മുഴങ്ങുന്നത്.
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ വഴിനടത്തിക്കുകയെന്ന ലക്ഷ്യവുമായി അരങ്ങേറുന്ന ഖത്തർ റണ്ണിൽ ഇക്കുറി 60ലേറെ രാജ്യങ്ങളിൽനിന്നായി 700ലേറെ താരങ്ങളാണ് മാറ്റുരക്കുന്നത്. ഇന്ത്യ, ഖത്തർ, ബ്രിട്ടൻ, അമേരിക്ക, യുക്രെയ്ൻ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, തുനീഷ്യ, ജർമനി, റഷ്യ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഓട്ടക്കാർ ഖത്തർ റണ്ണിൽ പങ്കാളികളാകും.
കുട്ടികൾക്കും മുതിർന്നവർക്കുമായി മാസ്റ്റേഴ്സ്, ഓപൺ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 10 കി.മീ., അഞ്ച് കി.മീ., മൂന്ന് കി.മീ. ദൂര വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി മത്സരം നടക്കും. 10 കി.മീ., അഞ്ച് കി.മീ. ഇനങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും മത്സരമുണ്ട്. മൂന്ന് കി.മീ. ഇനത്തിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും പുറമെ, ജൂനിയേഴ്സിനും മത്സരമുണ്ടാകും.
ജൂനിയേഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. മിനി കിഡ്സ് വിഭാഗത്തിൽ ഏഴുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വെവ്വേറെ മത്സരങ്ങളുണ്ടാകും.
കുട്ടികളുടെ പ്രൈമറി-സെക്കൻഡറി പ്രായവിഭാഗങ്ങളിലാണ് മത്സരങ്ങൾ. 40നുമുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സിൽ മത്സരിക്കാം. 17 മുതൽ മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും പങ്കെടുക്കാം. ജൂനിയർ സെക്ഷനിൽ ഏഴുമുതൽ 10 വരെ പ്രായമുള്ളവർ പ്രൈമറി വിഭാഗത്തിലും 11 മുതൽ 16 വരെ പ്രായക്കാർ സെക്കൻഡറി വിഭാഗത്തിലും മത്സരിക്കും. ഫിനിഷ് ചെയ്യുന്നവർക്കെല്ലാം ആകർഷകമായ മെഡൽ സമ്മാനമായി ലഭിക്കും. ഇലക്ട്രോണിക് ബിബുകൾ വഴിയാണ് സമയവും വേഗവുമടക്കം റണ്ണർമാരുടെ പ്രകടനം അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.