ദോഹ: ഖത്തറിലെ തങ്ങളുടെ ഓഫിസിൽ തൊഴിലവസരമെന്നത് വ്യാജപ്രചാരണമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) അധികൃതർ.
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാവരുതെന്നും അന്താരാഷ്ട്ര തൊഴിൽസംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ ജോലി അവസരങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ഐ.എൽ.ഒ, വാട്സ്ആപ്പിലൂടെ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും അറിയിച്ചു.
ഐ.എൽ.ഒ ഇ-മെയിൽ അക്കൗണ്ടായ @ilo.org അല്ലെങ്കിൽ വെബ്സൈറ്റായ ilo.org. എന്നിവയല്ലാത്തതിൽനിന്നുള്ള ഇലക്ട്രോണിക് ആശയവിനിമയങ്ങളെ അവഗണിക്കണമെന്നും ഓർഗനൈസേഷൻ കൂട്ടിച്ചേർത്തു. അപേക്ഷ, അഭിമുഖം, മറ്റു നടപടിക്രമങ്ങൾ, പരിശീലനഘട്ടം എന്നിവയടക്കം റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഒരുഘട്ടത്തിലും ഫീസ് ഈടാക്കാറില്ലെന്ന് ഐ.എൽ.ഒ അറിയിച്ചു.
അത്തരം അഭ്യർഥനകൾ പൂർണമായും നിരസിക്കണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഐ.എൽ.ഒ ഖത്തറുമായി ബന്ധപ്പെട്ട ഇത്തരം സംശയാസ്പദമായ ആശയവിനിമയങ്ങൾ ലഭിക്കുന്നപക്ഷം doha@ilo.org എന്ന ഇ-മെയിലിലും പ്രാദേശിക നിയമനിർവഹണ അധികാരികളെയും അറിയിക്കണമെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.