ദോഹ: തൊഴിലാളികൾക്ക് സംയുക്ത തൊഴിൽ സമിതികൾ രൂപവത്കരിക്കാനും സൗകര്യമൊരുക്കാനുമായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കുമെന്നും നിർമാണം അവസാന ഘട്ടത്തിലാണെന്നും ഭരണ നിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിച്ചു. 30ൽ കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ എല്ലാ കമ്പനികൾക്കും സംയുക്ത തൊഴിൽ സമിതി രൂപവത്കരിക്കാനുള്ള അവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യപ്പെടുത്താനുള്ള ആപ്ലിക്കേഷനാണ് തയാറാകുന്നത്.
തൊഴിലാളികൾക്കിടയിൽ ബന്ധം ഊഷ്മളമാക്കാനും കമ്പനികൾക്കിടയിൽ സംഘാടക ക്ഷമത വർധിപ്പിക്കാനും സഹകരണത്തിെൻറ പുതിയ അന്തരീക്ഷം ശക്തിപ്പെടുത്താനും സംയുക്ത തൊഴിൽ സമിതികൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. തൊഴിലാളികളുടെ പരാതികൾ ആഭ്യന്തര തലത്തിൽ പരിഹരിക്കാനും തൊഴിൽ സമിതി സഹായകമാകുന്നുണ്ടെന്ന് മന്ത്രാലയത്തിലെ അവയർനസ് ഗൈഡൻസ് ആൻഡ് ലേബർ മേധാവി അലി അൽ ഖലഫ് പറഞ്ഞു. കമ്പനികളിലെ സംയുക്ത സമിതി പ്രതിനിധികൾക്ക് മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ സംയുക്ത തൊഴിൽ സമിതികളുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുന്നതും സെമിനാറിൽ ചർച്ച ചെയ്തു.
സംയുക്ത തൊഴിൽ സമിതിയിൽ തൊഴിലാളികളുടെ അംഗസംഖ്യ സംബന്ധിച്ച അനുപാതവും സെമിനാർ വിശകലനം ചെയ്തു. രാജ്യത്തെ നിരവധി കോൺട്രാക്ടിങ് കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. തൊഴിലാളികൾക്കിടയിലുള്ള തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിൽ ക്ഷമത ഉയർത്താനും അതുവഴി കമ്പനി ഉൽപാദനം വർധിപ്പിക്കാനും സംയുക്ത തൊഴിൽ സമിതി സഹായിക്കുമെന്നും സെമിനാർ വിലയിരുത്തി.
ഏറ്റവും അനുയോജ്യമായ തൊഴിൽ അന്തരീക്ഷമാണ് തൊഴിൽ സമിതികൾ മുഖേന ലഭിക്കുക. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം വർധിപ്പിക്കാനും ഖത്തർ ചേംബർ വലിയ അവസരങ്ങളാണ് നൽകുന്നതെന്ന് ഗവൺമെൻറ് റിലേഷൻസ് ആൻഡ് കമ്മിറ്റീസ് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ അലി ബു ശെർബക് അൽ മൻസൂരി പറഞ്ഞു. കമ്പനികളുടെ ഉൽപാദനക്ഷമതയിലുണ്ടാകുന്ന വർധന രാജ്യത്തെ തൊഴിൽ വിപണിയിൽ സ്ഥിരത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ കോവിഡ്-19 പശ്ചാത്തലത്തിൽ തൊഴിലാളികൾക്കിടയിൽ അവരുടെ ആരോഗ്യം സംബന്ധിച്ച് കൂടുതൽ ബോധവത്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന സമിതികളെ പ്രശംസിക്കുന്നതായി അലി അൽ ഖലഫ് പറഞ്ഞു.സംയുക്ത സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനം മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടാകും. തൊഴിൽ നിയമപ്രകാരം തൊഴിലാളികളുടെ എണ്ണത്തിെൻറ അനുപാതം കണക്കാക്കിയായിരിക്കും സമിതിയിലെ പ്രാതിനിധ്യമെന്നും അൽ ഖലഫ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.