ദോഹ: ‘ഷാഫിക്ക ജയിക്കില്ലേ.. കാസർകോട് ഉണ്ണിച്ചയും കണ്ണൂരിൽ സുധാകരനും കലക്കില്ലേ... മലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം എത്രയാവും... ശശി തരൂർ വിയർത്തെങ്കിലും ജയിച്ചല്ലോ... ഇൻഡ്യ മുന്നണി ഭൂരിപക്ഷം നേടുമോ...’
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനങ്ങളടുത്തപ്പോൾ ഖത്തറിലെ മലയാളികൾ തമ്മിൽ കാണുമ്പോഴുള്ള ചോദ്യം ഇതു മാത്രമായിരുന്നു. റസ്റ്റാറന്റുകളും സൂപ്പർമാർക്കറ്റുകളും മുതൽ വീടുകളും താമസ മുറികളും ഓഫിസുകളുമെല്ലാം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചകളുടെ വേദിയായി.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ഉൾപ്പെടെ മലബാർ ജില്ലകളിൽനിന്നുള്ള പ്രവാസികൾ കൂടുതലായുള്ള ഖത്തറിൽ തെരഞ്ഞെടുപ്പ് ആവേശത്തിന് ചൂടിത്തിരി കൂടുകയും ചെയ്തു. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെ, ഖത്തർ സമയം രാവിലെ 5.30ഓടെ നാട്ടിൽ എണ്ണൽ ആരംഭിച്ചതോടെ ആവേശം കൊടുമുടിയേറി. ഓഫിസുകളിലേക്ക് പുറപ്പെടും മുമ്പേ കേരളത്തിലെയും ദേശീയ തലത്തിലെയും ട്രെൻഡുകളും സ്വഭാവവും വ്യക്തമായിരുന്നു.
കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെയും, ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെയും മിന്നും പ്രകടനം പ്രവാസി വോട്ടർമാർ ആവേശമാക്കി മാറ്റി. പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും, പോക്കറ്റിൽനിന്നും പണം മുടക്കി കേരളത്തിലെത്തി വിലപ്പെട്ട വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്ത് സ്വന്തം സ്ഥാനാർഥികൾക്ക് മിന്നും ജയം സമ്മാനിച്ചതിന്റെ ആഘോഷം, ഖത്തറിലെ താമസ സ്ഥലങ്ങളിലേക്കും മലയാളികളുടെ ഓഫിസുകളിലേക്കും പടർന്നു.
തുമാമയിലെ കെ.എം.സി.സി ആസ്ഥാനമായിരുന്നു പ്രധാന ആഘോഷകേന്ദ്രം. ബിഗ് സ്ക്രീനിൽ തെരഞ്ഞെടുപ്പ് ഫലം സംപ്രേഷണം ചെയ്തപ്പോൾ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനു പേർ ആരവങ്ങളും ചർച്ചകളുമായി ഒത്തുചേർന്നു. ഖത്തർ സമയം രാവിലെ 5.30ന് നാട്ടിൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ ആവേശം ഉച്ചിയിലായി. കെ.എം.സി.സി പ്രവർത്തകരുടെ വലിയ സ്വാധീന മേഖലയായ മലബാറിലെ മണ്ഡലങ്ങളുടെ വോട്ടിങ്ങിലായിരുന്നു ഏറെയും ശ്രദ്ധ.
വീറും വാശിയും കൂടിയ വടകര മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഓരോ നിമിഷവും ആവേശം പകർന്നതോടെ ആർപ്പുവിളിയുമായി. തെരഞ്ഞെടുപ്പ് വേളയിൽ ഖത്തറിൽ നേരിട്ടെത്തി വോട്ടഭ്യർഥിച്ച ഏക സ്ഥാനാർഥി കൂടിയാണ് ഷാഫി. മണ്ഡലത്തിൽനിന്നുള്ള 3000ത്തോളം വോട്ടർമാരെ വോട്ടുചെയ്യിച്ചും ഏകോപനം നടത്തിയിരുന്നു. വൈകുന്നേരത്തോടെ കെ.എം.സി.സി, ഇൻകാസ് വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ നടന്നു.
‘തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മണ്ഡലത്തിൽ നടന്ന എല്ലാ വിധ വർഗീയ പ്രചാരണങ്ങൾക്കുമെതിരായ മറുപടിയാണ് വടകരയിലെ ഷാഫി പറമ്പിലിന്റെ ജയം. തികഞ്ഞ ജനാധിപത്യബോധവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കുന്ന മണ്ഡലത്തിൽ ഭിന്നിപ്പിനുള്ള ശ്രമങ്ങൾക്ക് ബാലറ്റിലൂടെ നൽകിയ മറുപടിയാണിത്. വടകരയിലെയും, കേരളത്തിലെയും യു.ഡി.എഫ് സ്ഥാനാർഥികളുടെ ജയവും, ഇൻഡ്യ മുന്നണിയുടെ കുതിപ്പും ജനാധിപത്യ ഇന്ത്യയിൽ പ്രതീക്ഷ നൽകുന്നതാണ്.’ -ഷംസു നാദാപുരം (കെ.എം.സി.സി സംസ്ഥാന സെക്രട്ടറി)
കോൺഗ്രസും സഖ്യകക്ഷികളും നടത്തിയ മുന്നേറ്റം ജനാധിപത്യ മതേതര നിലപാടുകളുടെ വിജയമാണെന്നും, വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്നും ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കോൺഗ്രസ് മുക്തഭാരതത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പിക്ക് ഭാരതത്തിലെ ജനങ്ങളുടെ മറുപടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന് നൽകിയ വിജയം.
ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും, ഭാരത് ന്യായ് യാത്രയും കോൺഗ്രസിന്റെയും ഇൻഡ്യമുന്നണിയുടെയും തിരിച്ചുവരവിനും മുന്നേറ്റത്തിനും കാരണമായി. കേരളത്തിലെ ഇടതു ഭരണത്തെയും, ഇടതുമുന്നണിയെയും ജനം വീണ്ടും തള്ളിക്കളഞ്ഞുകൊണ്ട് യു.ഡി.എഫിന് കൊടുത്ത ജനവിധിയിൽ ഭരണവിരുദ്ധവികാരം കൂടി പ്രതിഫലിക്കുന്നതാണെന്നും ഇൻകാസ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു.
ഹിന്ദി ഹൃദയഭൂമി ഉൾപ്പെടെ ഇതിന് മുമ്പില്ലാത്ത വിധത്തിൽ താഴെ തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയതെന്നും, അദ്ദേഹത്തിന്റെ കഠിന പരിശ്രമവും പ്രതിബദ്ധതയും അഭിനന്ദനം അർഹിക്കുന്നതായും ജനറൽ സെക്രട്ടറി ശ്രീജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.