ദോഹ: ലോകകപ്പിനുമുമ്പ് ഖത്തറിന്റെ മണ്ണ് വേദിയാവുന്ന ലുസൈൽ കപ്പ് പോരാട്ടത്തിന്റെ ടിക്കറ്റിന് വൻ ഡിമാൻഡ്. സെപ്റ്റംബർ ഒമ്പതിന് ലോകകപ്പ് ഫൈനൽ വേദിയിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഉടൻ വിറ്റഴിയുമെന്ന് ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ കാതിർ അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 60,000 ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞയാഴ്ചയാണ് സൂപ്പർ കപ്പ് മത്സര ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആദ്യ ഒരു മണിക്കൂറിൽ 8000ത്തിലേറെ ടിക്കറ്റുകളാണ് വിറ്റുതീർന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ 80,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ലോകകപ്പ് ഫൈനൽ, സെമിഫൈനൽ, ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക് വേദിയാവുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ ഡ്രസ് റിഹേഴ്സൽ കൂടിയാവും സൂപ്പർ കപ്പ് പോരാട്ടമെന്ന് നാസർ അൽ കാതിർ പറഞ്ഞു. സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ സ്റ്റേഡിയത്തിലെ സുപ്രധാന അങ്കത്തിൽ ഏറ്റുമുട്ടുന്നത്. രാത്രി ഒമ്പതിനാണ് കളി ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. 40 റിയാൽ (കാറ്റഗറി നാല്), 80 റിയാൽ (കാറ്റഗറി മൂന്ന്), 150 റിയാൽ (കാറ്റഗറി രണ്ട്), 200 റിയാൽ (കാറ്റഗറി ഒന്ന്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ലോകകപ്പ് മാതൃകയിൽ ഡിജിറ്റൽ ഹയ്യാ കാർഡ് വഴിയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണ് ഹയ്യാ കാർഡിനായി അപേക്ഷിക്കേണ്ടത്.
സ്റ്റേഡിയം കവാടത്തിൽ ഹയ്യാ കാർഡ് കാണിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്. മേഖലയിലെ രണ്ട് സൂപ്പർ ക്ലബുകളുടെ പോരാട്ടത്തിനുപുറമെ, ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബിന്റെ സംഗീത പരിപാടിയും ലുസൈൽ കപ്പിന്റെ ആകർഷണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.