ദോഹ: ഖത്തറിൽ വക്റക്കടുത്ത ആഴക്കടലിൽ ബോട്ട് തകർന്ന് കുടുങ്ങിയ വിദേശികൾക്ക് രക്ഷയായി മലയാളി പ്രവാസികൾ. ചെങ്ങന്നൂർ സ്വദേശി സിജോ, സഹോദരൻ ജോൺസി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസിൽ എന്നിവരാണ് രണ്ട് ഇൗജിപ് തുകാരെയും ഒരു ജോർദാൻകാരനെയും ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ വക്റ തീരത്ത് നിന്ന് 12 കിലോമീറ്റർ അകലെ ആഴക്കടലിലാണ് സംഭവം.
മീൻപിടിക്കാൻ പോയ വിദേശികളുടെ ബോട്ട് തകരുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇവർ ബോട്ടിൻെറ അവിശിഷ്ടങ്ങളിൽ പിടിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. ഏറെ നേരം ശബ്ദമുണ്ടാക്കിയെങ്കിലും അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മലയാളി സംഘം വിനോദത്തിനായി മീൻ പിടിക്കാൻ ബോട്ടിൽ അവിചാരിതമായി ഈ ഭാഗത്ത് എത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശി സാബിത്തിൻെറ ഉടമസ്ഥതയിലുള്ള 'ജാങ്കോ' എന്ന ബോട്ടിലാണ് ഇവർ എത്തിയത്.
ദൂരെ നിന്ന് തന്നെ കടലിൽ മൂന്ന് പേർ ലൈഫ് ജാക്കറ്റിട്ട് പൊന്തിനിൽക്കുന്നത് കണ്ടു. തങ്ങളുെട ബോട്ടിലെ കയർ എറിഞ്ഞുകൊടുത്ത് ഇവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു മലയാളികൾ. പിന്നീട് 999 എന്ന ഹമദിൻെറ അടിയന്തര നമ്പറിൽ വിളച്ചതോടെ കോസ്റ്റ്ഗാർഡ് സംഘം എത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നുവെന്ന് മലയാളികൾ പറഞ്ഞു. ഒരുമണിക്കൂറോളമായി വിദേശികൾ കടലിൽ കുടുങ്ങിയിരുന്നു. ഒരാൾക്ക് നീന്തൽ വശവുമുണ്ടായിരുന്നില്ല. ഖത്തറിൽ മലയാളികളടക്കമുള്ള വിദേശികളുടെ പ്രധാന വിനോദമാർഗമാണ് കടലിൽ പോയി മീൻപിടിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.