ഓണവും തിരുവോണവും കഴിഞ്ഞ് മാവേലി കേരളം വിട്ട് പാതാളത്തിലേക്ക് മടങ്ങിയെങ്കിലും ഇവിടെ ഖത്തറിലെ എല്ലാ ആഴ്ചയിലും മാവേലിയുണ്ട്. പ്രജകളുടെ ക്ഷേമം അന്വേഷിച്ചും അവർക്ക് സന്തോഷംപകർന്നും സെൽഫിക്ക് പുഞ്ചിരിച്ച് പോസ് ചെയ്തും ക്ഷണിക്കുന്നവരുടെ വീടുകളിലെത്തി അനുഗ്രഹം ചൊരിഞ്ഞും അദ്ദേഹം ബിസിയാണ്. ഓണം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഖത്തറിലെ മലയാളികളുടെ മാവേലിത്തമ്പുരാൻ ‘മുന്നാ ഭായിക്ക്’ തിരക്കൊഴിയുന്നില്ല. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും അതിരാവിലെ ചമയമുറിയിൽ കയറണം. ഒന്നര മണിക്കൂർ നീണ്ട മേക്കപ്പും കഴിഞ്ഞ്, ഓലക്കുടയും ചൂടി, ഓണാഘോഷ വേദികളിലേക്ക്. ഓണവേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രക്ക് ഒക്ടോബർ മാസം പിന്നിടുമ്പോഴും ഒഴിവുകളില്ല.
ആഗസ്റ്റിലായിരുന്നു കേരളത്തിലെമ്പാടും ഓണം ആഘോഷിച്ചതെങ്കിൽ, പ്രവാസത്തിലെ ഓണം അത്തം പത്തിന് തീരുന്നതല്ല. ചിങ്ങത്തിൽ തുടങ്ങി, അടുത്ത ക്രിസ്മസ് ആഘോഷം വരെ പ്രവാസത്തിലെ ഓണം നീണ്ടുനിൽക്കും എന്നാണ് പതിവ്. ജോലിത്തിരക്കുകളും കഴിഞ്ഞ്, വാരാന്ത്യത്തിലെ വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷങ്ങൾക്കായി ഒത്തുകൂടുമ്പോൾ സദ്യയും ഓണപരിപാടികളുംപോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഖത്തർ പ്രവാസികൾക്ക് ഇന്ന് മുന്നാ ഭായ് മാവേലി.
കോഴിക്കോട് ജില്ലയിലെ പയ്യോളി തുറയൂർ സ്വദേശിയായ മുന്നാ ഭായ് എന്ന പയറ്റുമണ്ണിൽ ഷാജഹാൻ പ്രമുഖ സ്വകാര്യ കമ്പനിയായ അലി ബിൻ അലിയിലെ ജീവനക്കാരനാണ്.
ഇവിടെനിന്ന് വാരാന്ത്യത്തിലെ അവധി അനുസരിച്ചാണ് മാവേലി ബുക്കിങ് ഷെഡ്യൂൾ ചെയ്യുന്നതെന്ന് മുന്നാ ഭായ് പറയുന്നു. ചമയം ദോഹയുടെ ദിനേശ്, രഞ്ജിത്ത് എന്നിവരാണ് മേക്കപ്പുകാരായി പ്രവർത്തിക്കുന്നത്. ഓരോ മേക്കപ്പിനും വസ്ത്രങ്ങൾക്കുമായി 500 റിയാലെങ്കിലും ചെലവ് വരും. വേഷംകെട്ടുന്ന ദിവസങ്ങളിൽ അതിരാവിലെതന്നെ മേക്കപ്പ് മുറിയിൽ കയറണം. ഒന്നര മണിക്കൂറിലേറെ മേക്കപ്പിനുതന്നെ വേണ്ടിവരും. പിന്നീട്, പരിപാടിയുടെ വേദിയിലെത്തിക്കഴിഞ്ഞാൽ ഭക്ഷണമൊന്നുമില്ലാതെ വൈകും വരെ മാവേലി പ്രജകൾക്കിടയിലാണ്. സന്തോഷത്തോടെ അരികിലെത്തുന്നവർക്ക് ഫോട്ടോക്കായി പോസ് ചെയ്തും എല്ലാവർക്കും ചിരി സമ്മാനിച്ചും ഖത്തറിലെ ഓണാഘോഷ വേദിയെ പ്രൗഢമാക്കി മുന്നാ ഭായ് ഉണ്ടാകും.
ഓണം തുടങ്ങിയാൽ മിക്കവാറും വെള്ളി, ശനി ദിവസങ്ങളിൽ മാവേലിവേഷത്തിലായിരിക്കും. ഒരു ദിവസംതന്നെ ഒന്നിലേറെ ഇടങ്ങളിൽ പ്രവാസികളുടെ മാവേലി അനുഗ്രഹവുമായി സാന്നിധ്യമറിയിക്കേണ്ടിവരും. വിവിധ കൂട്ടായ്മകളുടെ പരിപാടികളിൽ, നാലും അഞ്ചും കുടുംബങ്ങൾ ഒത്തുചേരുന്ന വീടുകളിലെ ആഘോഷങ്ങളിൽ അങ്ങനെ എല്ലായിടത്തുമായി ഓടിയെത്തും. ഖത്തറിൽ മാത്രമല്ല, ഈ വർഷം ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിലുമെത്തിയും മാവേലി വേഷമണിഞ്ഞിരുന്നു.
സ്കൂൾ പഠനകാലത്ത് നാടകങ്ങളിലും മറ്റുമായി അഭിനയമികവ് തെളിയിച്ച ഷാജഹാൻ, പ്രവാസത്തിലെ തിരക്കിനിടയിലും കലയും അഭിനയവും മറന്നിട്ടില്ല. വിവിധ ഷോർട്ട്ഫിലിമുകളിലും മറ്റുമായി ഇതിനകം പല വേഷങ്ങളും ചെയ്തു. അതിനിടയിലാണ്, തടിയും ഉയരവുമുള്ള ശരീരം കണ്ട് സുഹൃത്തുക്കൾ മുന്നാ ഭായിയെ മാവേലിവേഷത്തിന് ക്ഷണിക്കുന്നത്. ആദ്യം ഒരു തമാശ എന്ന നിലയിൽ ഏറ്റെടുത്ത മാവേലിവേഷം ഖത്തറിലെ പ്രവാസി മലയാളികൾ ഏറ്റെടുത്തു. പിന്നെ, എല്ലാ ആഴ്ചകളിലും തിരക്കായി. എല്ലാ ആഘോഷ ചടങ്ങിലും സാന്നിധ്യം നിർബന്ധമായതോടെ വേദികളിൽനിന്ന് വേദികളിലേക്കുള്ള ഓട്ടമായി.
ചില വേദികളിൽ മാവേലിയെ കാണുമ്പോൾ കൗതുകത്തോടെ എത്തുന്ന സ്വദേശികളും വിദേശികളുമെല്ലാം ഫോട്ടോ എടുത്തും മാവേലിക്കു പിന്നിലെ ഐതിഹ്യങ്ങൾ ചോദിച്ചറിഞ്ഞുമെല്ലാം കൂട്ടുകൂടുമ്പോൾ ഇരട്ടി സന്തോഷമെന്ന് മുന്നാ ഭായ് പറയുന്നു. 1999ൽ ദുബൈയിലെത്തി പിന്നീട് കുവൈത്തിലും ജോലി ചെയ്ത് തുടങ്ങിയതായിരുന്നു പ്രവാസം. അമേരിക്കൻ സൈനിക വിഭാഗത്തിന്റെ ലോജിസ്റ്റിക്സിൽ ഭാഗമായതോടെ ഇറാഖ്, അഫ്ഗാൻ, ഛാദ് തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്ത ശേഷമായിരുന്നു ഖത്തറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.