ദോഹ: ഇതിഹാസ സമാനമായ ഉയരങ്ങളിലേക്ക് അയാളെ എടുത്തുയർത്തിയ ആ ചേതോഹര മുഹൂർത്തത്തിന് കൃത്യം ഒരുമാസം പ്രായം. ചരിത്രത്തെ ത്രസിപ്പിച്ച വിസ്മയങ്ങളിലേക്ക് ഡ്രിബ്ൾ ചെയ്തുകയറിയ ഖത്തറിന്റെ മണ്ണിൽ ലയണൽ മെസ്സി വീണ്ടും പറന്നിറങ്ങി.
കളിയെ തന്റെ പദചലനങ്ങളാൽ സമ്പന്നമാക്കിയ രണ്ടു ദശാബ്ദങ്ങളോളം നീണ്ട സമ്മോഹന കരിയറിൽ അങ്ങേയറ്റം കൊതിച്ച ആ കനകകിരീടത്തിനുമേൽ അയാളുടെ കൈയൊപ്പ് പതിഞ്ഞത് കതാറയുടെ മണ്ണിലായിരുന്നു. അതിന്റെ സന്തോഷം ആ 35കാരന്റെ വാക്കിലും നോക്കിലും എടുപ്പിലുമൊക്കെയുണ്ടായിരുന്നു. ലോകം കീഴടക്കിയ മണ്ണിൽ വീണ്ടുമെത്തുന്നതിന്റെ ആഹ്ലാദമായിരിക്കാം, ഖത്തറിൽ വീണ്ടും വിമാനമിറങ്ങിയ മെസ്സി അങ്ങേയറ്റം ഹാപ്പിയായിരുന്നു.
ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനം താരങ്ങളെയുമായി ദോഹയിലെത്തിയപ്പോൾ മാർക്വിഞ്ഞോസിനു പിന്നാലെ നിറഞ്ഞ ചിരിയുമായി മെസ്സി ഖത്തർ മണ്ണിലിറങ്ങി. കപ്പുമായി ലോകത്തിന്റെ നെറുകയിലേക്ക് പറന്നുയർന്നതിനുശേഷം അതേ മണ്ണിൽ അഭിമാനത്തോടെയുള്ള തിരിച്ചിറക്കം.
ഉച്ചയോടെ ഖത്തറിലെ പി.എസ്.ജി സ്പോൺസർമാരുടേതുൾപ്പെടെയുള്ള പരിപാടികളിൽ സംബന്ധിക്കുമ്പോഴും അർജന്റീന നായകൻ ഏറെ ഊർജസ്വലനായിരുന്നു.
കഴിഞ്ഞ മാസം 18ന് ലോകം മുഴുവൻ ഉറ്റുനോക്കിയ വിശ്വമേളയുടെ കലാശപ്പോരിൽ ഫ്രാൻസിന്റെ കടുത്ത വെല്ലുവിളി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തിൽ മറികടന്നാണ് മെസ്സി ഇതിഹാസതുല്യനായത്. അന്ന് കപ്പുയർത്തിയ ലുസൈലിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഖലീഫ സ്റ്റേഡിയത്തിൽ വൈകീട്ട് പരിശീലനത്തിനിറങ്ങിയപ്പോൾ കൈയടികൾക്ക് നടുവിലായിരുന്നു മെസ്സി.
പി.എസ്.ജിയുടെ പരിശീലനം കാണാൻ കാശുകൊടുത്തെത്തിയ ഇരുപതിനായിരത്തോളം പേരിൽ വലിയൊരു പങ്കും മെസ്സി ആരാധകരായിരുന്നു.
പരിശീലനത്തിനിടെ താരം പന്തെടുക്കുമ്പോഴൊക്കെ ആരാധകരും ആവേശത്തിലായി.
നെയ്മറും എംബാപ്പെയും അഷ്റഫ് ഹക്കീമിയും അടക്കമുള്ളവരോടൊപ്പം തമാശ പങ്കിട്ടും പരിശീലനവേദിയിലും ആധുനിക ഫുട്ബാളിലെ സൂപ്പർതാരം നിറഞ്ഞുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.