മനുഷ്യക്കടത്തിനെതിരെ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുമായി ചേർന്ന് തൊഴിൽമന്ത്രാലയം നടത്തിയ ശിൽപശാലയിൽനിന്ന്
ദോഹ: മനുഷ്യക്കടത്ത് തടയുന്നതിനായി ദേശീയ പദ്ധതിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ മനുഷ്യക്കടത്ത് നേരിടുന്നതിനുള്ള ദേശീയ സമിതിയാണ് (എൻ.സി.സി.എച്ച്.ടി) 2024-2026 കാലയളവിലേക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. മനുഷ്യക്കടത്തിന്റെ എല്ലാ രീതികളെയും നേരിടുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമായി സർക്കാർ സ്ഥാപനങ്ങളിലും സിവിൽ സമൂഹ സംഘടനകളിലും പ്രവർത്തനങ്ങളെ ഏകീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുക, ഇരകളെ സംരക്ഷിക്കുക, ശക്തമായ പ്രാദേശിക, ദേശീയ, അന്തർദേശീയ സഹകരണത്തിന് അടിത്തറയിടുക എന്നിവയെല്ലാം ഉൾപ്പെടുന്നു. നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.പ്രതിരോധ മുൻകരുതൽ, നിയമ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, ദേശീയ നയങ്ങൾ, മനുഷ്യക്കടത്തും ചൂഷണങ്ങളും ചെറുക്കുന്നതിനുമുള്ള നടപടികൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇരകൾക്ക് സംരക്ഷണവും മാനുഷിക സഹായവും നൽകുന്നതാണ് രണ്ടാം ഘട്ടം.
ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ പുനരധിവാസത്തിനും പിന്തുണ നൽകുന്നതിനും കൂടുതൽ ചൂഷണ സാധ്യതയില്ലാതെ അവകാശങ്ങൾ ഉറപ്പാക്കനും ശ്രമിക്കും. കുറ്റവാളികൾക്കെതിരായ നിയമ നടപടിയാണ് മൂന്നാമത്തേത്. കേസ് സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും മനുഷ്യക്കടത്ത് കുറ്റകൃത്യത്തിൽ പങ്കാളിയെന്ന് കണ്ടെത്തിയാൽ കർശന ശിക്ഷാനടപടികൾ ചുമത്താനും ഇത് നിർദേശിക്കുന്നു.
ദേശീയ, പ്രാദേശിക, അന്തർദേശീയ സഹകരണത്തിലൂന്നിയുള്ള പ്രവർത്തനമാണ് അവസാനത്തേത്. മനുഷ്യക്കടത്തിനെതിരെ കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്താനും പ്രമുഖ സ്ഥാപനങ്ങളുമായും സംഘടനകളുമായും പങ്കാളിത്തം സ്ഥാപിക്കാനും ഇതിൽ ഊന്നൽ നൽകും. ഇസ്ലാമിക നിയമത്തിന്റെയും ഭരണഘടന മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ദേശീയ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.