ദോഹ: രാജ്യത്തെ പൊതുഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം സെമിനാർ. 2022 ഫിഫ ലോകകപ്പ് ഖത്തർ അനുഭവത്തിന്റെ വെളിച്ചത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ പൊതുഗതാഗത സുരക്ഷ വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് അക്കാദമി സുരക്ഷ ഗവേഷണ, പഠനകേന്ദ്രമാണ് സെമിനാർ സംഘടിപ്പിച്ചത്. ‘പൊതുഗതാഗത സുരക്ഷ: ഫിഫ ലോകകപ്പ് ഒരു മാതൃക’ തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികളും പങ്കെടുത്തു.
ലോകകപ്പ് സമയത്തെ പൊതുഗതാഗതം സുരക്ഷിതമാക്കിയ അനുഭവം, അനുഭവങ്ങളും വൈദഗ്ധ്യവും, പൊതുഗതാഗത സുരക്ഷക്കു വേണ്ടിയുള്ള സന്നദ്ധതയും തയാറെടുപ്പും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. പൊതുഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാക്കുന്നതിൽ ഗതാഗത സുരക്ഷ വകുപ്പിന്റെ പങ്ക്, ആസൂത്രണം, വികസന പ്രക്രിയ, പ്രകടന സൂചകങ്ങൾക്കനുസരിച്ച് ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവയിൽ പങ്കാളികളുമായുള്ള സഹകരണത്തിന്റെ മാതൃകകൾ ആഭ്യന്തര മന്ത്രാലയത്തിലെ പൊതുഗതാഗത സുരക്ഷ വിഭാഗം മേധാവി കേണൽ സാലിം സുൽത്താൻ അൽ നഈമി അവലോകനം ചെയ്തു.
ഖത്തറിൽ നടന്ന ലോകകപ്പിലെ സുരക്ഷ വകുപ്പിന്റെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക സുരക്ഷ മാനേജ്മെന്റ് അടിസ്ഥാനമാക്കി ഒരു സുരക്ഷ മോഡൽ വികസിപ്പിച്ചതായും പങ്കാളികളുമായി സഹകരിച്ച് അപകടങ്ങൾ, അത്യാഹിതങ്ങൾ, പ്രതിസന്ധികൾ എന്നിവക്കുള്ള തയാറെടുപ്പുകൾക്കും പ്രതികരണത്തിനുമുള്ള സുപ്രധാന ചട്ടക്കൂടുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും കേണൽ അൽ നുഐമി പറഞ്ഞു. ലോകകപ്പ് ടൂർണമെന്റിൽ സന്ദർശകരുടെയും ആരാധകരുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിൽ വകുപ്പിന്റെ ദൗത്യം വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.