ദോഹ: പോരാട്ടങ്ങളുടെ സീസൺ മുന്നിൽനിൽക്കെ മിന്നും പ്രകടനത്തോടെ കുതിച്ച് ഖത്തറിന്റെ മുഅ്തസ് ബർഷിം. ലോകചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ മഹാമേളകൾ പടിവാതിൽക്കലെത്തിനിൽക്കെ പോളണ്ടിലെ സിലേസിയയിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ 2.36 മീറ്റർ എന്ന മികച്ച ദൂരത്തിലേക്ക് കുതിച്ചുയർന്ന് ബർഷിം പൊന്നണിഞ്ഞു. രണ്ടു വർഷം മുമ്പ് ഒളിമ്പിക്സ് ട്രാക്കിൽ ഒന്നിച്ച് പോരാടി ചരിത്രമെഴുതി സ്വർണം പങ്കുവെച്ച കൂട്ടുകാരൻ ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരിക്കൊപ്പമായിരുന്നു പോളണ്ടിലെ മത്സരം.
മേയ് മാസത്തിൽ ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ മെഡലിലെത്താൻ കഴിയാതെ പോയതിന്റെ നിരാശയും തീർക്കുന്നതായിരുന്നു ബർഷിമിന്റെ പോളണ്ടിലെ പ്രകടനം. 2.30 മീറ്റർ വരെ പാസ് പറഞ്ഞ താരം 2.32 മീറ്ററിലായിരുന്നു ചാടിത്തുടങ്ങിയത്. 2.34ൽ ആദ്യ രണ്ട് ശ്രമത്തിലും അടിതെറ്റി. എന്നാൽ, 2.36ലേക്ക് ഉയർത്തിയ ഉയരം ആദ്യ ശ്രമത്തിൽതന്നെ മറികടന്നു. സീസണിലെ തന്നെ ബർഷിമിന്റെ മികച്ച പ്രകടനം കൂടിയായിരുന്നു സിലെസിയയിൽ പുറത്തെടുത്തത്. 2016ൽ സ്ഥാപിച്ച സ്വന്തം പേരിലുള്ള മീറ്റ് റെക്കോഡും ബർഷിം മറികടന്നു. മത്സരശേഷം ഏറെ ആത്മവിശ്വാസത്തോടെയായിരുന്നു ബർഷിമിന്റെ പ്രതികരണം.
‘എനിക്കിത് സീസണിന്റെ ആരംഭഘട്ടമാണ്. സീസണിലെ രണ്ടാമത്തെ മത്സരം മാത്രം. കഴിഞ്ഞ മാസങ്ങളിൽ ശാരീരികമായി ഫിറ്റല്ലായിരുന്നു. ഇപ്പോൾ, തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്നത്തെ ജംപ് മികച്ചതായിരുന്നു. ഇനിയുള്ള ഓരോ ഘട്ടങ്ങളിലും മെച്ചപ്പെടുത്താൻ ശ്രമിക്കും. എന്റെ ചാട്ടത്തിന് ഗംഭീരമെന്ന് ആളുകൾ പ്രതികരിക്കുന്നു. പക്ഷേ, എനിക്ക് ഇനിയും മെച്ചപ്പെടുത്താനുണ്ട്. ഈ വർഷം 2.40 മീറ്ററിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പോളണ്ടിലേത് മികച്ച മത്സരമായിരുന്നു’ -ബർഷിം പറഞ്ഞു. കൂട്ടുകാരനും രണ്ടാം സ്ഥാനക്കാരനുമായ ടംബേരി ബർഷിമിനെ അഭിനന്ദിച്ചു. മത്സരഫലത്തിൽ സന്തോഷമുണ്ട്. എന്നാൽ, 2.36 മീറ്റർ ചാടാൻ കഴിഞ്ഞില്ലെന്നത് വിഷമകരമായി. എന്റെ ടെക്നിക് വർക്കൗട്ട് ചെയ്തില്ല. മുഅ്തസിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു- ടംബേരി പറഞ്ഞു. ആഗസ്റ്റിൽ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, സെപ്റ്റംബർ-ഒക്ടോബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ്, അടുത്ത വർഷം ജൂണിൽ നടക്കുന്ന പരിസ് ഒളിമ്പിക്സ് ഉൾപ്പെടെ വമ്പൻ മേളകളുടെ സീസണിലേക്കാണ് അത്ലറ്റിക്സ് ലോകം ഉണരുന്നത്. നിലവിലെ ഒളിമ്പിക്സ്, ലോകചാമ്പ്യനായ ബർഷിം െമഡൽ നിലനിർത്താനുള്ള ഒരുക്കത്തിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.