ദോഹ : മനുഷ്യരെ വിഭജിക്കാനും അവർക്കിടയിൽ മുറിവുകൾ സൃഷ്ടിക്കാനും പലതരം ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് നവ മാധ്യമങ്ങളെ പരസ്പരമുള്ള ഐക്യത്തിനും ഏകതക്കുമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ ) മാധ്യമ വിഭാഗം സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മീറ്റിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വിവരത്തെയും ഡേറ്റയെയും മുൻ നിർത്തിയുള്ള അധികാര കേന്ദ്രങ്ങൾ ലോകത്ത് അധീശത്വം പുലർത്താൻ ശ്രമിക്കുന്നത് കാണാതിരിക്കരുതെന്നും അവയെ മറികടക്കൽ എളുപ്പമല്ലെങ്കിലും അവ സൃഷ്ടിക്കുന്ന നിഷേധാത്മക സ്വാധീനങ്ങളെ ജനകീയമായി മറികടക്കാൻ ശ്രമിക്കണമെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മക്തൂബ് മീഡിയ ക്രിയേറ്റിവ് എഡിറ്റർ ഷഹീൻ അബ്ദുല്ല പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ ടെക് ഭീമന്മാർ കരുത്ത് കാട്ടുന്നു എന്നത് അപകടകരമായ സ്ഥിതി വിശേഷമാണെന്നും പലപ്പോഴും സാധാരണ പൗരന്റെ താൽപര്യങ്ങൾക്കല്ല നവ മാധ്യമരംഗത്തെ ബഹുരാഷ്ട്ര കുത്തകകൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവ മാധ്യമങ്ങളിൽ സത്യത്തിന്റെ മുഴക്കമുണ്ടാകുകയും പരസ്പരം സൗഹൃദം നിലനിർത്തുകയുമാണ് വേണ്ടതെന്ന് കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി കോയ കൊണ്ടോട്ടി പറഞ്ഞു. പേര് നോക്കി കണ്ടന്റിന് വിലയിടുന്ന കാലത്ത് മാനവികതയുടെ വാഹകരാവുകയാണ് വേണ്ടതെന്ന് ആർ ജെ ഫെമിന അഭിപ്രായപ്പെട്ടു.
സുന്ദരമായ ആഖ്യാനങ്ങളിലൂടെ എങ്ങനെ ലോകത്തെ മാറ്റിപ്പണിയാം എന്നാലോചിക്കണമെന്ന് കരീം ഗ്രാഫി അഭിപ്രായപ്പെട്ടു. സി.ഐ.സി കേന്ദ്ര സമിതി അംഗം അർശദ്. ഇ അധ്യക്ഷത വഹിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് നസീർ പാനൂർ, കേരള ഇസ് ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. സകരിയ്യ മാണിയൂർ, സാബിത്ത് മുഹമ്മദ്, യൂട്യൂബർ ലിജി അബ്ദുല്ല, എഴുത്തുകാരൻ ഡോ. എ.പി. ജാഫർ, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ് ലം ഈരാറ്റുപേട്ട , സാമൂഹിക പ്രവർത്തക ഷഹന ഇല്യാസ്, തൻസീം കുറ്റ്യാടി, ഹുസൈൻ കടന്നമണ്ണ, ഡോ. അബ്ദുൽ വാസിഅ് , നസീഹ മജീദ്, ജാസിം കടന്നമണ്ണ, ഹാരിസ്, ജസീം ചേരാപുരം എന്നിവർ സംസാരിച്ചു.
ഡോ. സലീൽ ഹസൻ സമാപന പ്രഭാഷണം നടത്തി. സി.ഐ.സി മീഡിയ ഹെഡ് കെ.ടി. മുബാറക് സ്വാഗതവും മീഡിയ റിലേഷൻസ് എക്സിക്യൂട്ടിവ് മെംബർ കെ.വി. ഹഫീസുല്ല നന്ദിയും പറഞ്ഞു. സാലിം വേളം, ജാഫർ പൈങ്ങോട്ടായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.