ദോഹ: റൗദത് അൽ ഹമാമയിലെ ശീതീകരിച്ച ജോഗിങ് ട്രാക്കുള്ള പ്രധാന പാർക്ക് ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. റൗദത് അൽ ഹമാമയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് ആശ്വാസകരമാകുന്ന സെൻട്രൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ സജ്ജമായതായി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി പ്രോജക്ട് മാനേജർ ജാസിം അബ്ദുറഹ്മാൻ അൽ ഫഖ്റൂ പറഞ്ഞു.
ചൂടുകാലത്ത് നടക്കാനും വ്യായാമത്തിൽ ഏർപ്പെടാനുമുള്ള സൗകര്യങ്ങളുള്ള ശീതീകരിച്ച ജോഗിങ് പാർക്കുകളാണ് റൗദത് അൽ ഹമാമയുടെ പ്രത്യേകത. ഇതിനു പുറമെ, മരങ്ങളും ചെടികളുമായി വലിയ ഹരിതപ്രദേശങ്ങളും പാർക്കിലുണ്ടാകുമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായുള്ള വിശാലമായ പ്രദേശവും ഇതിലുൾപ്പെടുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ജാസിം അൽ ഫഖ്റൂ വ്യക്തമാക്കി.
മറ്റു പാർക്കുകളെ അപേക്ഷിച്ച് സെൻട്രൽ പാർക്കുകൾ വലുപ്പത്തിൽ ഏറെ വ്യത്യാസമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ആകർഷിക്കുന്നതിനായി മിക്ക സെൻട്രൽ പാർക്കുകളിലും ജോഗിങ് ട്രാക്കുകളും ഫിറ്റ്നസ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അൽ ഗറാഫ പബ്ലിക് പാർക്ക്, ഉമ്മുൽ സനീം പബ്ലിക് പാർക്ക്, മുൻതസയിലെ റൗദത് അൽഖൈൽ പാർക്ക് എന്നിങ്ങനെയുള്ള സെൻട്രൽ പാർക്കുകളുടെ പട്ടികയിൽ പുതിയതായാണ് റൗദത് അൽ ഹമാമിലെ പാർക്ക് തുറന്നുനൽകുന്നത്.
ബീച്ചുകളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ പൊതു ബീച്ചുകൾ വികസിപ്പിക്കുക, പുതിയ ബീച്ചുകൾ തുറക്കുക, നിരവധി ചെറിയ പാർക്കുകൾ തുറക്കുക എന്നിവ സമിതിയുടെ ഭാവി പദ്ധതികളാണെന്ന് ജാസിം അൽ ഫഖ്റു അഭിമുഖത്തിൽ വ്യക്തമാക്കി.
കൂടുതൽ പാർക്കുകളും ഹരിത ഇടങ്ങളും നിർമിക്കാനും പാർക്കുകളിലും ബീച്ചുകളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പ്രയോജനം നൽകുന്ന രീതിയിലാണ് പാർക്കുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ജോഗിങ് ട്രാക്കുകൾ, സൈക്ലിങ് ട്രാക്കുകൾ, കുട്ടികൾക്കുള്ള പ്രത്യേക കളിസ്ഥലങ്ങൾ, വലിയ തണൽ മരങ്ങൾ, വിശാലമായ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ ഇവയെല്ലാം അധിക പാർക്കുകളിലും ഉണ്ട്.
ആളുകളുടെ വീടുകളോട് ചേർന്നാണ് ചെറിയ പാർക്കുകൾ സ്ഥാപിക്കുന്നതെന്നും കൂടുതലും നടന്നെത്താവുന്ന ദൂരത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്ന് പാർക്കുകളിലാണ് ശീതീകരിച്ച ട്രാക്കുകൾ ഉള്ളത്. അൽ ഗറാഫ, ഓക്സിജൻ പാർക്ക്, ഉമ്മു അൽ സനീം എന്നിവടങ്ങളിൽ കാൽനടക്കാർക്കും വ്യായാമം ചെയ്യാനെത്തുന്നവർക്കും ഏത് ചൂടിലും ഇളം തണുപ്പ് പകരുന്ന ട്രാക്കുകൾ ഏറെ ജനകീയമാണ്.
ഇതിന്റെ തുടർച്ചയായാണ് ലുസൈൽ മെട്രോ സ്റ്റേഷനിൽനിന്നും ഏറെ അകലെയല്ലാതെ റൗദത് അൽ ഹമാം പാർക്കിലും ശീതീകൃത ട്രാക്ക് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.