12നു മുകളിൽ പ്രായമുള്ളവരിൽ 90.2 ശതമാനവും ഒരു ഡോസ്
വാക്സിനെങ്കിലും സ്വീകരിച്ചു
ദോഹ: കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിൽ 90 ശതമാനം എന്ന മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഖത്തർ. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ കണക്ക് 90 ശതമാനം തികഞ്ഞതായി അറിയിച്ചത്.
വാക്സിൽ നൽകിത്തുടങ്ങിയ പ്രയാവിഭാഗം ഉൾപ്പെടുന്ന ജനസംഖ്യയുടെ 90.2ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.
നിലവിൽ 12 വയസ്സിനു മുകളിലുള്ളവർക്കാണ് ഖത്തറിൽ വാക്സിനേഷൻ പുരോഗമിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,533പേർക്കുകൂടി വാക്സിൻ നൽകിയതോടെയാണ് രാജ്യം നിർണായക കണക്കിലെത്തിയത്.
സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഖത്തറിൻെറ അവസാന ലാപ് റണ്ണപ്പായാണ് ആരോഗ്യ മന്ത്രാലയത്തിൻെറ പ്രഖ്യാപനത്തെ പ്രദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
76.2 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ച് സമ്പൂർണ കോവിഡ് വാക്സിനേറ്റഡ് ആയി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 77.9 ശതമാനം പേർ ഒരു ഡോസും, 66.1 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ 40.67 ലക്ഷം ഡോസാണ് വാക്സിൻ ഒമ്പതാം മാസത്തിലേക്ക് നീണ്ട പ്രതിരോധ മരുന്ന് കാമ്പയിനിൽ വിതരണം ചെയ്തത്.
യോഗ്യരായിട്ടും മടിക്കുന്നവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നൽകി.
65 വയസ്സ് പിന്നിട്ടവർ, ഗർഭിണികൾ, 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ എന്നിവരുടെ വാക്സിനേഷൻ നടപടികൾക്കായി സമൂഹമാധ്യമങ്ങൾ വഴി മന്ത്രാലയവും പ്രചാരണ കാമ്പയിനുകളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.