ദോഹ: കോവിഡ് ഭീഷണി പൂർണമായും ഒഴിയാത്ത സാഹചര്യത്തിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കളുടെ ആശങ്ക തുടരുന്നു. 2020 -2021 അധ്യയന വർഷത്തിെൻറ ആദ്യ സെമസ്റ്ററിൽ ഒൺലൈൻ പഠനരീതി മാത്രം മതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോടാവശ്യപ്പെട്ട് കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം 'ദ പെനിൻസുല' പുറത്തുവിട്ട സർവേ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കൂടുതൽ രക്ഷിതാക്കൾ പ്രതികരണം അറിയിച്ചിരിക്കുന്നത്. പത്രം പുറത്തുവിട്ട സർവേയിൽ 85 ശതമാനം രക്ഷിതാക്കളും ആദ്യ സെമസ്റ്ററിൽ ഒാൺലൈൻ ക്ലാസ് മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് രക്ഷിതാക്കൾ മാത്രമാണ് ക്ലാസ് റൂം പഠനം പുനരാരംഭിക്കേണ്ടതിെൻറ ആവശ്യകത ഉന്നയിച്ച് സ്കൂൾ തുറക്കുന്നതിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
സർവേ റിപ്പോർട്ടിനോട് പ്രതികരിച്ച് ദിനപത്രത്തിലേക്ക് ഇ-മെയിൽ വഴിയായും പത്രത്തിെൻറ സമൂഹ മാധ്യമ പേജുകളിലൂടെയുമാണ് രക്ഷിതാക്കൾ തങ്ങളുടെ ആശങ്ക അറിയിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ആശങ്ക രേഖപ്പെടുത്തിയത് കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും കുറിച്ചാണ്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആദ്യ സെമസ്റ്ററിൽ ഒാൺലൈൻ പഠനരീതി മതിയെന്നാണ് രക്ഷിതാക്കൾ മന്ത്രാലയത്തോടാവശ്യപ്പെടുന്നത്.
അതേസമയം, മന്ത്രാലയം മുന്നോട്ടുവെച്ച മിശ്ര പഠനരീതിയെ പിന്തുണച്ച് രംഗത്തെത്തിയ രക്ഷിതാക്കൾ പറയുന്നത് ദീർഘകാലം ക്ലാസ് റൂമുകളുമായി വിദ്യാർഥികൾക്ക് ബന്ധമില്ലാതിരുന്നാൽ അത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്. മാനസിക വളർച്ചയെയും വിദ്യാർഥിയുെട പഠന മികവിനെയും ഇത് ബാധിക്കുമെന്നും രക്ഷിതാക്കൾ ഓർമപ്പെടുത്തി.
രാജ്യത്ത് കോവിഡ് –19 കേസുകൾ പൂജ്യത്തിലെത്തുന്നതു വരെയെങ്കിലും സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്നും നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടുന്നതിന് മാനസികമായി തയാറല്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കുന്നു. മന്ത്രാലയം തങ്ങളുടെ അപേക്ഷകളും അഭ്യർഥനയും സ്വീകരിക്കണമെന്നും കണക്കിലെടുക്കണമെന്നും ആദ്യ സെമസ്റ്ററിൽ ഒൺലൈൻ ക്ലാസ് മതിയെന്ന തീരുമാനത്തിലേക്കെത്തണമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
മന്ത്രാലയം മുന്നോട്ടുവെച്ച ബ്ലെൻഡഡ് ലേണിങ് സംവിധാനം പ്രയാസകരമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ചില സ്കൂളുകളും രംഗത്ത് വന്നിട്ടുണ്ട്. ദ പെനിൻസുല ദിനപത്രം നടത്തിയ ഒൺലൈൻ സർവേയിൽ 34,300 പേരാണ് പങ്കെടുത്തത്.
സെപ്റ്റംബർ ഒന്നു മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ക്ലാസ് റൂം പഠനവും ഒൺലൈൻ പഠനവും സമന്വയിപ്പിച്ചുള്ള മിശ്ര പാഠ്യ വ്യവസ്ഥയായിരിക്കും നടപ്പാക്കുകയെന്നും ഇതുപ്രകാരം ഒരു വിദ്യാർഥിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസിലെത്തിയാൽ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. നേരത്തേ നിശ്ചയിച്ചിരുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും പ്രീ സ്കൂളുകൾക്കും ഉന്നത കലാലയങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.