ദോഹ: അവധിക്കാലം ആഘോഷിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ).
കടൽ യാത്രകൾ നടത്തുമ്പോൾ ബോട്ടുകളിലെയും യാച്ചുകളിലെയും സുരക്ഷാമാനദണ്ഡങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വ്യക്തികൾ മെട്രാഷ് രണ്ട് ആപ് വഴിയോ അംഗീകൃത രജിസ്റ്റർ കൗണ്ടറുകൾ മുഖേനയോ സെയിലിങ്ങിനായി അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയികളും ക്യാപ്റ്റൻ നൽകിയിട്ടുണ്ടെന്ന് വ്യക്തികൾ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥ സാഹചര്യങ്ങൾ അനുകൂലമാണെന്നും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും തിരിച്ച് വരാൻ പ്രതീക്ഷിക്കുന്ന സമയത്തെക്കുറിച്ചും ബന്ധുക്കളെ അറിയിക്കണമെന്നും നിർദേശിച്ചു. കുട്ടികളുമൊത്തുള്ള വിനോദ പരിപാടികളിൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അവരുടെ കൂടെ ഒപ്പമുണ്ടാകണം. അതോടൊപ്പം അവരിൽ എപ്പോഴുമൊരു മേൽനോട്ടമുണ്ടാകണമെന്നും തുടർച്ചയായി ബന്ധം സ്ഥാപിക്കണമെന്നും മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു.
വേനൽ ആരംഭിച്ച് രണ്ടു മാസത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ, ജൂലൈയിൽ രാജ്യം ഏറ്റവും ഉയർന്ന ശരാശരി താപനിലയിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. റോഡുകളിലെ അപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ക്രോസ് വാക്കുകളിൽ ട്രാഫിക് സിഗ്നലുകൾ പാലിക്കുന്നത് നിർണായകമാണെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ കൂട്ടുത്തരവാദിത്തമാണെന്നും നമ്മുടെ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കാമെന്നും ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു.
അവധിക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പൊതു ഇടങ്ങളിലും വിവിധ പ്രദേശങ്ങളിലും അധിക പട്രോളിങ് വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.