ദോഹ: 2023 ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമം’ സഹകരണത്തോടെയുള്ള പി.എം. ഫൗണ്ടേഷൻ ടാലന്റ് സർച്ച് പരീക്ഷ ഖത്തറിൽ ശനിയാഴ്ച ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടക്കും. രാവിലെ 8.30 മുതൽ 10.30 വരെയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടിവ് പരീക്ഷ.
അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയുടെ സിലബസ്. 120 ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ശരിയായ ഉത്തരത്തിന് ഒരു മാർക്ക് നൽകും, തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റിവ് മാർക്കില്ല. മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, സയന്റിഫിക് ടേബ്ൾ മുതലായവ പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷക്ക് അരമണിക്കൂർ മുമ്പായി വിദ്യാർഥികൾ സെന്ററിൽ എത്തണം.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഗേറ്റ് നമ്പർ രണ്ട് വഴിയാണ് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കേണ്ടത്. വൈകി വരുന്ന വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷയുടെ ഒന്നാംഘട്ടത്തിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പും ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഉന്നത വിജയികളായ പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.