ദോഹ: ഖത്തറിലേക്ക് വരുന്ന യാത്രക്കാർ പ്രീ രജിസ്ട്രേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ആഭ്യന്തരമന്ത്രാലയം. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാർ ഇഹ്തിറാസ് പോർട്ടൽ വഴി നേരേത്ത രജിസ്റ്റർ ചെയ്യുന്നത് ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് എയർപോർട്ട് പാസ്പോർട്ട് വിഭാഗം അഡ്മിനിസ്ട്രേറ്റിവ് സെക്ഷൻ മേധാവി മേജർ അബ്ദുല്ല അൽ ജാസ്മി പറഞ്ഞു. കരമാർഗം അബൂസംറ അതിർത്തിവഴി എത്തുന്നവർക്കും പ്രീ ട്രാവൽ രജിസ്ട്രേഷൻ സൗകര്യപ്രദമാണെന്ന് നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് മേജർ അബ്ദുല്ല പറഞ്ഞു. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും യാത്രക്കു മുമ്പ് പ്രീ രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ, രജിസ്റ്റർ ചെയ്ത് യാത്രചെയ്താൽ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ കഴിയും. അതേസമയം, സന്ദർശകർക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്.
www.ehteraz.gov.qa എന്ന വെബ്സൈറ്റ് വഴിതന്നെ എല്ലാ യാത്രക്കാർക്കും തങ്ങളുടെ രേഖകളും മറ്റു വിവരങ്ങളും നൽകി പ്രീ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് മേജർ അബ്ദുല്ല അൽ ജാസ്മി അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ഹെൽത്ത് ഡേറ്റകൾ ആരോഗ്യമന്ത്രാലയത്തിൽ ലഭ്യമാണ്. വ്യക്തിഗത നമ്പർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വാക്സിനേഷൻ, കോവിഡ് കേസുകൾ, രോഗമുക്തി നേടൽ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ആരോഗ്യമന്ത്രാലയത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടും. യാത്രാവശ്യത്തിന് പ്രീ രജിസ്റ്റർ ചെയ്തശേഷം യാത്രക്കാരന് സ്റ്റാറ്റസ് അറിയാനും വിശദാംശങ്ങൾ മനസ്സിലാക്കാനും കഴിയും. അപേക്ഷകൻ ഖത്തറിൽനിന്ന് വാക്സിൻ സ്വീകരിച്ച പൗരനോ താമസക്കാരനോ ആണെങ്കിൽ കൂടുതൽ രേഖകൾ സമർപ്പിക്കാതെതന്നെ അനുമതി ലഭിക്കും. കുടുംബസമേതമാണെങ്കിൽ എല്ലാവർക്കുംവേണ്ടി കുടുംബനാഥനായ ഒരാൾ വിശദാംശങ്ങൾ നൽകി ഒരു അപേക്ഷയായിത്തന്നെ രജിസ്റ്റർ ചെയ്താൽ മതിയാവും -മേജർ വ്യക്തമാക്കി.
അതേസമയം യാത്ര പുറപ്പെടുന്ന രാജ്യം, പൗരൻ- താമസക്കാരൻ- സന്ദർശകർ എന്നീ വിഭാഗങ്ങൾ, വാക്സിൻ സ്വീകരിച്ചതിന്റെ വിവരങ്ങൾഎന്നിവ അനുസരിച്ച് ചില മാറ്റങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കൊപ്പം യാത്ര ചെയ്യുന്നവർക്ക് ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വിമാനത്താവളത്തിൽ ക്വാറന്റീൻ സത്യപ്രസ്താവനയിൽ ഒപ്പുവെക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായുള്ള കാത്തുനിൽപും കുറക്കാം. 18നുമുകളിൽ പ്രായമുള്ള പൗരന്മാർക്കും റസിഡന്റ്സിനും ഇ-ഗേറ്റ് സൗകര്യം ഉപയോഗപ്പെടുത്താനും സംവിധാനമുണ്ട്.
സന്ദർശകർ
സന്ദർശകർക്ക് ഇഹ്തിറാസ് പോർട്ടലിലെ പ്രീ രജിസ്ട്രേഷൻ നിർബന്ധമണ്. വിസ നമ്പർ, പാസ്പോർട്ട് നമ്പർ, സ്വീകരിച്ച വാക്സിൻ വിശദാംശങ്ങൾ, അവസാന ഡോസ് സ്വീകരിച്ച തീയതി, അല്ലെങ്കിൽ കോവിഡ് ഭേദമായ തീയതി എന്നിവ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. പാസ്പോർട്ട് കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോപ്പി, ഹോട്ടൽ ക്വാറന്റീൻ ആവശ്യമുള്ള രാജ്യത്തുനിന്നാണ് വരുന്നതെങ്കിൽ ബുക്കിങ് കോപ്പി എന്നീ രേഖകളും അപ്ലോഡ് ചെയ്യണം.
മുഴുവൻ രേഖകളും വിവരങ്ങളും കൃത്യമാണെങ്കിൽ ഉടൻതന്നെ രജിസ്ട്രേഷൻ അംഗീകരിക്കപ്പെടും. തള്ളപ്പെടുകയാണെങ്കിൽ രേഖകളുടെ കുറവോ അപ്ലോഡ് ചെയ്ത രേഖകളിൽ അവ്യക്തതയോ മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യമോ ഉണ്ടാവാം. ഇത്തരം സന്ദർഭങ്ങളിൽ തിരുത്തലുകളോടെ അപേക്ഷിക്കാവുന്നതാണ്. ആരോഗ്യമന്ത്രാലയത്തിന്റെ മികച്ച ടീം 24 മണിക്കൂറും പ്രീ ട്രാവൽ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കാനായി പ്രവർത്തിക്കുന്നുണ്ടെന്നും അവശ്യഘട്ടങ്ങളിൽ ഇവർ യാത്രക്കാരുമായി ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കുന്നുണ്ടെന്നും മേജർ അബ്ദുല്ല അൽ ജാസ്മി പറഞ്ഞു.
'ചില സന്ദർഭങ്ങളിൽ ഹോട്ടൽ ക്വാറന്റീനായി യാത്രക്കാർ ഡിസ്കവർ ഖത്തർ പട്ടികയിലില്ലാത്ത ടൂറിസ്റ്റ് ഹോട്ടലുകളായിരിക്കും ബുക് ചെയ്യുക. ഇത് സമയവും പണവും പാഴാവാൻ ഇടയാക്കും. ഇതൊഴിവാക്കാൻ ഇഹ്തിറാസ് പോർട്ടലും ഡിസ്കവർ ഖത്തർ വെബ്സൈറ്റും പരസ്പരബന്ധിതമാണെന്നും ഹോട്ടൽ ക്വാറന്റീൻ നിശ്ചിത പട്ടികയിലുള്ള ഹോട്ടലാണെന്ന് ഉറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 12 മുതൽ 24 മണിക്കൂറിനുള്ളിൽ പ്രീ രജിസ്ട്രേഷൻ അപ്രൂവൽ സംബന്ധിച്ച് വിവരങ്ങൾ യാത്രക്കാരന് ലഭ്യമാവുമെന്നും വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ
റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ ഖത്തറിലെത്തുമ്പോൾ ദ്വിദിന ഹോട്ടൽ ക്വാറന്റീൻ അനിവാര്യമാണ്. അതേസമയം, സന്ദർശകന് ഖത്തറിൽ അടുത്ത ബന്ധുക്കളുണ്ടെങ്കിൽ ഹോം ക്വാറന്റീൻ മതിയാവും. എല്ലാ യാത്രക്കാരും കോവിഡ് പരിശോധനഫലം അപ്ലോഡ് ചെയ്യേണ്ടതില്ല എന്നതുൾപ്പെടെ പോർട്ടലിൽ ചില പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ, പരിശോധനഫലം എയർലൈൻസുകൾക്ക് കാണിച്ചാൽ മതിയാവും.
രാജ്യത്തിനു പുറത്ത് വാക്സിൻ സ്വീകരിച്ച ഖത്തരി പൗരന്മാർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ വാക്സിനേറ്റഡ് സ്റ്റാറ്റസ് നേടാനും അംഗീകൃത വാക്സിനുകൾ സ്വീകരിച്ചതിന്റെ തെളിവാക്കാനും കഴിയും. അല്ലാത്തപക്ഷം, ഹെൽത്ത് സെന്ററിലെത്തി അംഗീകാരം നേടുക ഉൾപ്പെടെയുള്ള നീണ്ട പ്രക്രിയകൾ പൂർത്തിയാക്കേണ്ടിവരും. വാക്സിൻ സ്വീകരിച്ച വർക്ക് വിസക്കാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഏഴ് ദിവസം ഹോട്ടൽ ക്വാറന്റീൻ അനിവാര്യമാവും. അതേസമയം, വാക്സിൻ സ്വീകരിച്ചതായി കാണിച്ച് രജിസ്റ്റർ ചെയ്താൽ ഇവർക്ക് രണ്ടു ദിവസ ക്വാറന്റീൻ മതിയാവും -മേജർ അബ്ദുല്ല അൽ ജാസ്മി വിശദീകരിച്ചു. അതേസമയം, ഇഹ്തിറാസ് പോർട്ടലിലൂടെയുള്ള അംഗീകാരം മറ്റ് എൻട്രി, എക്സിറ്റ് നിയമവ്യവസ്ഥകൾക്ക് പകരമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.