ദോഹ: വിദേശ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ ലഗേജുകളിൽ ഒളിപ്പിച്ചുകടത്തുന്ന മയക്കുമരുന്നുകൾ തിരിച്ചറിയാനുള്ള ആധുനിക സങ്കേതിക സംവിധാനങ്ങൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സ്ഥാപിക്കാൻ സമ്മർദം ചെലുത്തണമെന്ന് പ്രവാസി കോഓഡിനേഷൻ കമ്മിറ്റി (പി.സി.സി) പ്രതിനിധികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഇത്തരം പ്രതിരോധ നടപടികൾ നടപ്പാക്കുന്നതോടെ ഇന്ത്യൻ യാത്രക്കാർ അറിയാതെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നതിന്റെ അപകടസാധ്യത ഗണ്യമായി കുറക്കുമെന്നും അതുവഴി ഗൾഫ് മേഖലയിൽ നിരപരാധികളായ പ്രവാസികൾ നിയമക്കുരുക്കിൽപെടുന്ന സംഭവങ്ങൾ ഒഴിവാക്കുകയും, ഗുരുതരമായ നിയമപ്രത്യാഘാതങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ കഴിയുമെന്നും അംബാസഡറെ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ ഇന്ത്യൻ പൗരന്മാർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി തടവിലാകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതിൽ സമിതിയുടെ ഉത്കണ്ഠ അറിയിച്ചു.
നാട്ടിലെ വിമാനത്താവളങ്ങളിൽ ഡ്രഗ് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് ഒരു പ്രതിരോധ നടപടിയായി മാത്രമല്ല, അന്താരാഷ്ട്ര സുരക്ഷക്കും വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമത്തിനും വേണ്ടിയാണെന്നും വ്യക്തമാക്കി.
പി.സി.സി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി, ജനറൽ കൺവീനർ വി.സി. മഷ്ഹൂദ് , കോഓഡിനേറ്റർ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഐ.ടി വിങ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ് എന്നിവർ പങ്കെടുത്തു.
ശിപാർശകൾ ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അവ നടപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.