ദോഹ: അജ് യാൽ ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിൽ മലയാള ചിത്രവും പ്രദർശിപ്പിക്കും. പ്രാദേശിക ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സ്വദേശികളും, പ്രവാസികളുമായ ഖത്തറിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
ഇതിൽ മലയാളിയായ പോൾ എബ്രഹാമും അബ്ദുല്ല അൽ ഖോറും ചേർന്ന് തയാറാക്കിയ ആൽക്കലൈൻ ആണ് മലയാളത്തിൽ നിന്നുള്ള ഹ്രസ്വചിത്രം. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പിന്തുണയോടെയാണ് ‘ആൽക്കലൈൻ’ നിർമിച്ചത്.
മകന്റെ ജീവിതരീതിയെ അങ്ങേയറ്റം ജൈവികമായ ശൈലിയിലേക്ക് നിർബന്ധപൂർവം നയിക്കുന്ന ഒരു പിതാവിലൂടെയാണ് കഥപറയുന്നത്. കർക്കശമായ ഡയറ്റിങ്ങും ഭക്ഷണനിയന്ത്രണങ്ങളുമെല്ലാം വ്യക്തി ബന്ധങ്ങളെയും സങ്കീർണമാക്കുന്ന കഥയുമായാണ് ഖത്തറിൽ പ്രവാസിയായ പോൾ എബ്രഹാം എത്തുന്നത്.
18 മിനിറ്റുള്ളതാണ് ചിത്രം. അലി അൽ ഹാജ്റിയും ‘ഐ ലേ ഫോർ യു ടു സ്ലീപ്’, ദോഹ അബ്ദുൽ സത്താറിന്റെ ‘കാൻ യു സീ മീ’, ഒബാബ ജർബിയുടെ ‘ബ്രെഷ്ന’, കരിം ഇമാറയുടെ കോക്ലിയ എന്നിവയാണ് മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
ഇതോടൊപ്പം മെയ്ഡ് ഇൻ ഖത്തർ ഷബാബ് എന്ന പേരിൽ പുതിയൊരു സെഷനും അവതരിപ്പിക്കുന്നു. ചലച്ചിത്ര നിർമാണത്തിൽ താൽപര്യമുള്ള പുതുതലമുറക്ക് പ്രായോഗിക പരിശീലനവും, അവസരവും നൽകുന്ന ശിൽപശാലയാണ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.
മാസ്റ്റർ ക്ലാസുകൾ, പാനൽ ചർച്ചകൾ, ശിൽപശാല എന്നിവ ഉൾപ്പെടുന്ന ‘ഷബാബ്’ സെഷനിൽ യുവതലമുറക്ക് ചലച്ചിത്ര നിർമാണത്തിൽ മികച്ച പരിശീലനം വാഗ്ദാനം ചെയ്യുന്നു. ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ ഈ സെഷൻ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.