ദോഹ: ഖത്തറിൽ ചൂടുകനക്കുന്നു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാഘാതവും സൂര്യാതപവും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടക്കുകയാണ്. നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവയാണ് ചൂടുകാലത്തെ പ്രധാന രോഗങ്ങൾ.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതു മൂലമോ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലോ ഇത്തരം രോഗാവസ്ഥ ഉണ്ടാകാം.സൂര്യാഘാതവും സൂര്യാതപവും ശരീരത്തിന് ഏറെ അപകടകരമാണ്. ഇതിനാൽ പെട്ടെന്ന് ചികിത്സ തേടണം. ചികിത്സ തേടിയിെല്ലങ്കിൽ തലച്ചോർ, ഹൃദയം, വൃക്കകൾ, മസിൽ തുടങ്ങിയവയെ ബാധിച്ചേക്കാം. ചികിത്സ വൈകുന്തോറും ആരോഗ്യനില സങ്കീർണമാകും. ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നതോടെ സൂര്യാഘാതം, സൂര്യാതപം പോലെയുള്ള രോഗാവസ്ഥക്ക് സാധ്യതയേറെയാണ്. ഇതിനാൽ ഏെറ ജാഗ്രത വേണം.
സൂര്യാഘാതം പോലെയുള്ള സാഹചര്യങ്ങളിൽ കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവനുവരെ ഭീഷണിയാണ്. ധാരാളമായി വെള്ളം കുടിക്കുകയും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (ഐച്ച്.എം.സി) അറിയിച്ചു.ചൂട് കാരണം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ അടിയന്തര വിഭാഗത്തിൽ ചികിത്സ തേടണം.
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയരുന്നതോടെ ശരീരത്തിെൻറ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ചൂട് പുറന്തള്ളപ്പെടുന്നതിന് തടസ്സങ്ങൾ നേരിടുകയും ചെയ്യും. ഇത് ശരീരത്തിെൻറ പ്രവർത്തനം തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം (ഹീറ്റ് എക്സോഷൻ). കനത്തചൂടിൽ ശരീരത്തിൽ നിന്നും ജലവും ലവണങ്ങളും വിയർപ്പിലൂടെ അമിതമായ അളവിൽ നഷ്ടമാകുന്നതിനെ തുടർന്നുണ്ടാകുന്ന ക്ഷീണം, തലകറക്കം, ഛർദി, തലവേദന, ബോധക്ഷയം എന്നിവയാണ് ഇതിെൻറ ലക്ഷണങ്ങൾ.
ചൂട് സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയർന്ന ശരീരതാപനില എന്നിവയാണ്. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ അടിയന്തര വിഭാഗത്തിലെത്തി ചികിത്സ നേടിയിരിക്കണം.
രാജ്യത്തെ അന്തരീക്ഷ താപനില വർധിക്കുന്നതിനാൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോകരുതെന്നും ഇങ്ങനെ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തലാകുമെന്നും അധികൃതർ. ഒരു നിമിഷത്തേക്കു മാത്രമാണെങ്കിൽകൂടി ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്ത് കുട്ടികളെ അതിലിരുത്തിപ്പോകരുത്. വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് അധികമായിരിക്കും കാറിനുള്ളിലെ താപനില. തണുപ്പുള്ള ദിവസങ്ങളിൽ ഇത് 20 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അഞ്ചു മിനിറ്റിനുള്ളിൽ കാറുകളിലെ താപനില ഈ അവസ്ഥയിലെത്തും. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകരുത്. കാറുകളിൽ ഒറ്റെപ്പടുന്ന കുട്ടികളിൽ ഉയർന്ന പനി, നിർജലീകരണം, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ മരണം വരെ സംഭവിക്കും.
ചൂട് കൂടിയ കാലാവസ്ഥ എല്ലാവർക്കും അപകടകരമാണ്. എന്നാൽ, കുട്ടികളുടെ കാര്യത്തിൽ ഇത് കടുപ്പമേറിയതാണ്. കുട്ടികളിലെ താപനില മുതിർന്നവരിലേതിനേക്കാൾ വേഗത്തിൽ, അഞ്ച് മിനിറ്റിനുള്ളിൽതന്നെ വർധിക്കും. വേനൽദിവസങ്ങളിൽ ഇത് പെട്ടെന്ന് സംഭവിക്കും.
കാർ പാർക്ക് ചെയ്തിരിക്കുന്നത് തണലിലാണെങ്കിലും അതിൽ അപകടം പതിയിരിക്കുന്നുണ്ട്. കുട്ടികളിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ പെട്ടെന്ന് സംഭവിക്കുന്നു. തണലിൽ ഗ്ലാസുകൾ അടച്ചിട്ട സാഹചര്യമാണെങ്കിൽപോലും അപകടത്തിന് സാധ്യതയേറെയാണ്. സൂര്യാഘാതം മരണത്തിന് വരെ കാരണമാകും.
ഒരു മിനിറ്റ് സമയത്തേക്കാണെങ്കിൽപോലും കാറിന് പുറത്തിറങ്ങുമ്പോൾ കുട്ടികളെയും കൂടെക്കൂട്ടണം.കുട്ടികൾ ഉറങ്ങിപ്പോയതിനാൽ അധിക രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധരാകുന്നുണ്ട്. അതിനാൽ കാറിെൻറ പിറകിലുള്ള കുട്ടികളെ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുന്നതിനായി രക്ഷിതാക്കൾ തങ്ങളുടെ മൊബൈൽ, പഴ്സ് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ അവരുടെ അടുത്ത് വെക്കണം.
പുറത്തിറങ്ങുമ്പോൾ ഉപയോഗത്തിലല്ലെങ്കിൽ കാർ ലോക്ക് ചെയ്യണം. കുട്ടികൾക്ക് കാറുകളുടെ താക്കോൽ നൽകുന്നതും അവർ എടുക്കുന്നതും പരമാവധി ഒഴിവാക്കണം.
സൂര്യാഘാതത്തെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണമോ അതല്ലെങ്കിൽ ആജീവനാന്തം ശരീരത്തിെൻറ ശേഷിക്കുറവോ സംഭവിക്കാം. കനത്തചൂടിൽ കടുത്ത തലവേദന, നിർജലീകരണം എന്നിവ സംഭവിക്കുന്നതോടെ വേദനജനകമായ പേശീവലിവ്, തളർച്ച, അതിസാരം, ഛർദി, തൊലി പൊട്ടുക, ഹൃദയസ്പന്ദനത്തിലെ ക്രമമില്ലായ്മ തുടങ്ങിയ രോഗാവസ്ഥക്ക് കാരണമാകും. ഇതിലേതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തണൽപ്രദേശത്തേക്ക് മാറിയിരുന്ന് വിശ്രമിക്കണം. കൂടുതൽ വെള്ളം കുടിക്കണം. കടുത്ത ചൂടിനെ നേരിടുന്നതിന് പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും പഴങ്ങൾ ഭക്ഷിക്കുകയും ചെയ്യണം. ജലമടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതലായി കഴിക്കണം.
ചൂട് കനക്കുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണം. വേനലിൽ കൂടുതൽ ജലമടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.ചെറുനാരങ്ങയോ പുതിയിലയോ ഓറഞ്ച് അല്ലികളോ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം.പ്രതിദിനം ചുരുങ്ങിയത് 12 ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. ജോഗിങ്, നടത്തം, നീന്തൽ എന്നിവ ശീലമാക്കാൻ ശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.