ദോഹ: ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന പ്രമേയത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസിയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ നടന്ന പരിപാടിയിൽ അംബാസഡർ ഹിസ് എക്സലൻസി വിപുലിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ 40 മിനിറ്റ് യോഗ ചെയ്തു.
മാനസികമായി കരുത്താർജ്ജിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗപ്പെടുന്ന യോഗ ദിനചര്യയുടെ ഭാഗമാക്കാൻ ശ്രമിക്കണമെന്നും സൗഹാർദ്ദത്തിനും സമാധാനത്തിനും യോഗ ഉപയോഗപ്പെടുത്തുക എന്ന ആശയത്തിലാണ് ഇത്തരം പൊതു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായാണ് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ശങ്ക്പാൽ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ സ്പോർട്സ് സെന്റർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
2014 ഡിസംബറിലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കാൻ യു.എന്നിൽ ആവശ്യപ്പെടുന്നത്. 177 രാജ്യങ്ങളുടെ പിന്തുണയോടെ ഇത് നടപ്പായി. ഏതാനും വർഷമായി ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ ഗംഭീരമായി യോഗ ദിനം ആചരിക്കുന്നു. 2022ൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി ദോഹയിൽ നടത്തിയ പരിപാടിയിൽ 114 രാജ്യങ്ങളിൽനിന്നുള്ളവർ സംബന്ധിച്ചിരുന്നു. ഒരൊറ്റ യോഗ പരിപാടിയിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്തതിനുള്ള ഗിന്നസ് റെക്കോർഡും ആ പരിപാടിക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.