രാജ്യത്ത്​ സ്വദേശിവത്​കരണം ഊർജിതമാക്കുന്നു

ദോഹ: രാജ്യത്ത്​ വിവിധ മേഖലകളിൽ സ്വദേശിവത്​കരണം കൂടുതൽ ഊർജിതമാക്കുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം കൂടുതൽ പദ്ധതികളാവിഷ്കരിക്കുകയാണ്​. ഇതി​െൻറ ഭാഗമായി സ്വദേശിവത്​കരണം ശക്തിപ്പെടുത്താൻ നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം ഒാൺലൈൻ പോർട്ടലിന് അടുത്തയാഴ്ച തുടക്കം കുറിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 'കവാദിർ' എന്നാണ് നാഷനൽ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോമിന് മന്ത്രാലയം പേര്​ നിർദേശിച്ചിരിക്കുന്നത്.

ഒാൺലൈൻ പോർട്ടലി​െൻറ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഈ ആഴ്ചയിലോ വരുന്ന ആഴ്ചയിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതി​െൻറ ഭാഗമായി അന്താരാഷ്​ട്ര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ മന്ത്രാലയം പദ്ധതി നേരത്തേ തയാറാക്കിയിരുന്നു. ഇതി​െൻറ അന്തിമവിവരങ്ങൾ േക്രാഡീകരിക്കുകയാണ്.

പോർട്ടലിൽ സർക്കാർ–സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും. തൊഴിൽ തേടുന്ന സ്വദേശികൾക്ക് തങ്ങളുടെ യോഗ്യതകൾക്കും പരിചയത്തിനും അനുസരിച്ച്​ തൊഴിൽ തിരഞ്ഞെടുക്കാനുള്ള മാർഗങ്ങളും പോർട്ടലിൽ സജ്ജമാക്കുന്നുണ്ട്. തൊഴിലുടമകൾക്കും ഉദ്യോഗാർഥിക്കും പരസ്​പരം ആശയവിനിമയം നടത്താനുള്ള സൗകര്യവും ഇതിൽ ഒരുക്കും. പോർട്ടൽ യാഥാർഥ്യമാകുന്നതോടെ രാജ്യത്ത് സ്വദേശിവത്​കരണ നടപടികൾ വേഗത്തിലാകുമെന്നാണ് കരുതുന്നത്.

കരട് നിയമം

സ്വകാര്യ മേഖലയിലെ കമ്പനികളിൽ 60 ശതമാനം തൊഴിലുകളും ഖത്തരികൾക്ക് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും മാനവശേഷി വികസന വകുപ്പുകളിൽ 80 ശതമാനം ജോലികളും സ്വദേശികൾക്ക് നൽകാനും നിർദേശിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ ഈയടുത്ത് അംഗീകാരം നൽകിയിരുന്നു.

പോർട്ടൽ നിലവിൽ വരുന്നതോടെ തൊഴിൽദാതാക്കൾ അഭിമുഖമടക്കമുള്ള റിക്രൂട്ട്മെൻറ് നടപടികളിലേക്ക് പ്രവേശിക്കും. തിരഞ്ഞെടുക്കുന്നവരെ ഉടൻ നിയമിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇൻറർവ്യൂ അടക്കമുള്ള നടപടികളുടെ തുടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്​ത്​ ദേശീയ മാനവശേഷി വികസന വകുപ്പി​െൻറ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുകയെന്ന് അൽ വതൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.

സ്വകാര്യ മേഖലയിലെ സ്​ഥാപനങ്ങളിലും കമ്പനികളിലും ഖത്തരികളുടെയും വിദേശികളു​െടയും അനുപാതം നിശ്ചയിക്കാനുള്ള കരട്​ തീരുമാനത്തിനും​ മന്ത്രിസഭ അംഗീകാരം നൽകിയതോടെ രാജ്യം സ്വദേശിവത്​കരണത്തിലേക്ക്​ അതിവേഗം മാറുകയാണ്​​. 2004ലെ തൊഴിൽ നിയമത്തിലെ 14ാം നമ്പർ നിയമമനുസരിച്ചാണിത്​. ഇതുപ്രകാരം സർക്കാർ ഉടമസ്​ഥതയിലുള്ളതോ സർക്കാർ നിക്ഷേപമുള്ളതോ ആയ സ്​ഥാപനങ്ങളിൽ ഖത്തരികളായ ​േജാലിക്കാരുടെ എണ്ണം 60 ശതമാനമാക്കി വർധിപ്പിക്കും. രാജ്യത്തി​െൻറ മൊത്തം മാനവവിഭവശേഷിയിൽ ഖത്തരികളുടെ എണ്ണം 80 ശതമാനമായി വർധിപ്പിക്കാനും കരട് ​നിയമം ശിപാർശ ​െചയ്യുന്നുണ്ട്​. തൊഴിൽമേഖല സ്വദേശിവത്​കരിക്കു​േമ്പാഴും ഖത്തരികളുടെ അനുപാതം ഉയർത്തു​േമ്പാഴും ഖത്തരി സ്​ത്രീകളുടെ മക്കളെയും ഖത്തരി പൗരന്മാരായി പരിഗണിക്കും. ഭരണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിൽ ഖത്തരിവത്​കരണത്തിനായി നീക്കിവെക്കപ്പെട്ട തൊഴിലുകളിൽ സ്വദേശികളല്ലാത്തവരെ നിയമിക്കുന്നതിൽനിന്ന് ബന്ധപ്പെട്ട അധികാരികളെ വിലക്കുകയും ചെയ്യുന്നുണ്ട്​. നേരത്തേ രാജ്യത്ത്​ വിവിധ മേഖലകളിൽ സ്വദേശിവത്​കരണം സജീവമാണ്​.

'ഇന്‍ജാസ്' പദ്ധതി

ഹമദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഖത്തരി പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അത് പരിപോഷിപ്പിക്കാനും ഉദ്ദേശിച്ച് 'ഇന്‍ജാസ്' പദ്ധതി ഈയടുത്ത്​ നടപ്പാക്കിത്തുടങ്ങിയിരുന്നു.ഭാവിയില്‍ വ്യോമയാനരംഗത്ത്​ ചുവടുവെക്കുന്ന പ്രതിഭകളെ തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നൽകാനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും അതിനുള്ള പരിശീലനം നിര്‍വഹിക്കാനും ഹമദ് അന്താരാഷ്​ട്ര വിമാനത്താവളം ഇന്‍ജാസ് പദ്ധതിയില്‍ വലിയ നിക്ഷേപമാണ് നടത്തുന്നത്. വിമാനത്താവളത്തി​െൻറ മൊത്തം പഠന വികസന ബജറ്റി​െൻറ 45 ശതമാനവും തൊഴില്‍ ശക്തിയുടെ പരിശീലനത്തിനും വികസനത്തിനുമായാണ് നീക്കിവെച്ചിരിക്കുന്നത്.

വിമാനത്താവളത്തി​െൻറ മുഖ്യസ്ഥാനങ്ങളില്‍ ഇതിനകം ഖത്തരികളുണ്ടെങ്കിലും ഇതിനുമപ്പുറം രാജ്യത്തി​െൻറ ദേശീയ സ്വത്വബോധം ഉറപ്പിക്കുന്ന തരത്തിലേക്ക്​ പങ്കാളിത്തം ഉയർത്തുകയാണ്​ ഇന്‍ജാസ് ലക്ഷ്യമിടുന്നത്​.

ദേശീയ പ്രതിഭകള്‍ക്ക് വികസന പദ്ധതികള്‍ നൽകാന്‍ അന്താരാഷ്​ട്ര അംഗീകാരമുള്ള ഏവിയേഷന്‍ അസോസിയേഷനുകളുമായും റെഗുലേറ്ററി ബോഡികളുമായും മികച്ച ദേശീയ അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഹമദ് അന്താരാഷ്​ട്ര വിമാനത്താവളം പങ്കാളിത്തം വഹിക്കുന്നുണ്ട്.

ഖത്തര്‍ കോളജ് ഓഫ് ഏവിയേഷന്‍ സയന്‍സിലെ ബിരുദധാരികള്‍ക്ക് ഇതിനകം നൂറിലേറെ തൊഴിലവസരങ്ങളാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് വിമാനത്താവളം നൽകിയത്. അണ്ടര്‍ ഗ്രാജ്വറ്റ്, പോസ്​റ്റ്​ ഗ്രാജ്വറ്റ്, എന്‍ജിനീയറിങ്​ പഠനങ്ങള്‍ക്ക് ഹമദ് അന്താരാഷ്​ട്ര വിമാനത്താവളം സ്കോളര്‍ഷിപ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒൗട്ട്​സ്​റ്റേഷൻ ​െഡവലപ്​മെൻറ്​ ​പ്രോഗ്രാം

ഖത്തരി പൗരന്മാർക്ക്​ ആഗോളതലത്തിലുള്ള വ്യോമയാന മേഖലയിലെ വിവിധ ജോലി അവസരങ്ങൾ ഒരുക്കുന്നതി​െൻറയും ഖത്തർ എയർവേസിലെ വിവിധ ജോലികൾ ഖത്തരികൾക്ക്​ മാത്രമാക്കുന്നതി​െൻറയും ഭാഗമായി പുത​ിയ ഒൗട്ട്​സ്​റ്റേഷൻ െഡവലപ്​മെൻറ്​ ​പ്രോഗ്രാം ഇതിനകം തുടങ്ങിയിട്ടുണ്ട്​. ഖത്തർ എയർവേ​സി​െൻറ​ 'അൽ ദർബ്​ പ്രോഗ്രാ'മി​െൻറ ഭാഗമായാണിത്​. ജോലികളിൽ ഖത്തരികൾക്ക്​ നിയമനം ലഭിക്കുന്നതിനായുള്ള പ്രത്യേക റിക്രൂട്ട്​മെൻറ്​ പരിപാടിയാണ്​ 'അൽ ദർബ്​'.

പ്രായോഗിക പരിശീലനമടക്കമുള്ള ​പ്രത്യേക പാഠ്യപദ്ധതി കൂടി ഉൾപ്പെട്ടതാണ്​ ​ഒൗട്ട്​സ്​റ്റേഷൻ ​െഡവലപ്​മെൻറ്​ ​പ്രോഗ്രാം. ഖത്തരികൾക്ക്​്​ ഏവിയേഷൻ മാനേജ്​മെൻറ്​ വിഷയത്തിൽ രണ്ട്​ വർഷത്തെ അഡ്വാൻസ്​ഡ്​ സ്​റ്റഡീസ്​ ഡി​േപ്ലാമയാണ്​ (ഡി.എ.എസ്)​ ഇൗ കോഴ്​സിൽ ലഭിക്കുക. വ്യോമയാന മേഖലയിലെ ഖത്തരികളായ ഭാവിതാരങ്ങളെ സൃഷ്​ ടിക്കുകയാണ്​ ഖത്തർ എയർവേ​സ്​ ലക്ഷ്യമിടുന്നത്​. ഖത്തർ എയർവേസ്​, ജനീവ യൂനിവേഴ്​സിറ്റി, ഇൻറർനാഷനൽ എയർട്രാൻസ്​പോർട്ട്​ അസോസിയേഷൻ (​അയാട്ട) എന്നിവയുടെ സംയുക്ത സംരംഭമാണ്​ ഡി.എ.എസ്. ഇൗ കോഴ്​സ്​ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്​ ഖത്തർ എയർവേ​സി​െൻറ 160 യാത്രാ സർവിസുകളിലടക്കം ജോലി ലഭിക്കും.

ഇതിന്​ മുന്നോടിയായി ഇവർക്ക്​ ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഖത്തർ എയർവേസി​െൻറ ഒൗട്ട്​സ്​റ്റേഷൻ ​െഡവലപ്​മെൻറ്​ പ്രോഗ്രാം കേന്ദ്രത്തിൽ നൽകുന്നുമുണ്ട്​. സ്വകാര്യ മേഖലയിലടക്കം ഖത്തരിവത്​കരണ നടപടികൾ പുരോഗമിക്കുകയാണ്​. സർക്കാർ ഒഴിവുകൾ ഖത്തരികൾക്ക്​ മാത്രമാക്കുന്നതിനായുള്ള നടപടികൾ തൊഴിൽ –സാമൂഹികകാര്യ–ഭരണകാര്യ മന്ത്രാലയം ഉൗർജിതമായി നടത്തുന്നുമുണ്ട്​. സർക്കാർ മേഖലയിലെ ഒഴിവുകൾ സംബന്ധിച്ച്​ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട്​ നിരീക്ഷണം നടത്തുന്നുണ്ട്​. ഒഴിവുകളിൽ ജോലി കാത്തിരിക്കുന്ന ഖത്തരികൾ തന്നെ നിയമിക്കപ്പെടുന്നുവെന്ന്​ മന്ത്രാലയം ഉറപ്പാക്കും. മന്ത്രാലയത്തോട്​ ആലോചിക്കാതെ ഒരുതരത്തിലുള്ള ഒഴിവുകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ അറിയിപ്പ്​ കൊടുക്കാൻ പാടില്ലെന്ന സർക്കുലർ എല്ലാ സർക്കാർ ഏജൻസികൾക്കും മ​ന്ത്രാലയം നേരത്തേ അയച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ ഒഴിവുകളിൽ ഖത്തരി പൗരന്മാരെ കിട്ടുന്നില്ലെങ്കിൽ അതും മന്ത്രാലയത്തെ അറിയിക്കണം. അങ്ങ​െന വരു​േമ്പാൾ ഖത്തരി സ്​ത്രീകളുടെ മക്കൾക്ക്​ നിയമനം നൽകണം.

വിവിധ വിഭാഗങ്ങളിൽ ഖത്തരി എൻജിനീയർമാരെ ആകർഷിക്കാനായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും പ്രത്യേക കർമപദ്ധതി തയാറാക്കുകയാണ്​. മന്ത്രാലയത്തിൽ ജോലിചെയ്യുന്ന ഖത്തരി എൻജിനീയർമാരുടെ എണ്ണം വർഷംതോറും കൂടിവരുകയാണ്​. മന്ത്രാലയത്തി​െൻറ സ്​പെഷലൈസ്​ഡ് ജോലി മേഖലകളിൽ കൂടുതൽ ഉൽ​പാദനക്ഷമതയും ​ പ്രവർത്തനക്ഷമതയും ഉണ്ടാക്കുകയാണ്​ ലക്ഷ്യം. മന്ത്രാലയത്തി​െൻറ വിവിധ മേഖലകളിലേക്ക്​ ഇൗയടുത്ത്​ ഖത്തരികളായ വനിത–പുരുഷ ജീവനക്കാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​. 2021ഒാടെ ജോലി മേഖല പ്രാദേശികവത്​കരിക്കുന്ന നയത്തി​െൻറ ഭാഗമായാണിത്​. 2015 മുതൽ 2021വരെ ഖത്തരി പൗരന്മാർക്ക്​ സ്​കോളർഷിപ് നൽകുകയെന്നതും ഇൗ പദ്ധതിയിൽ ഉൾപ്പെടുന്നു. ഖത്തരിവത്​കരണത്തിന്​ വിവിധ മേഖലകളിലെ സ്​ഥാപനങ്ങളും കമ്പനികളുമായി മന്ത്രാലയത്തിന്​ പ്രത്യേക ബന്ധമുണ്ട്​. ​േജാലി ഒഴിവുകളും മറ്റും മന്ത്രാലയ​ത്തെ അറിയിക്കുന്നതിനാണിത്​. ഒഴിവുവരുന്ന തസ്​തികകളിൽ ഖത്തരിക​ളെ നിയമിക്കാൻ ഇത്​ സഹായകരമാകുന്നുണ്ട്​.

2018ൽ നിയമിച്ചത്​ 3777 ഖത്തരികളെ

സ്വ​കാ​ര്യ​ മേ​ഖ​ല​യി​ലേ​ക്കും സ്വ​ദേ​ശി​വ​ത്​കര​ണം വ്യാ​പി​പ്പി​ക്കു​ന്നതിനുള്ള പദ്ധതിയിലാണ്​ തൊ​ഴി​ൽ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം. നി​ല​വി​ൽ സ്വ​കാ​ര്യ​ മേ​ഖ​ല​യി​ൽ 60 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഖ​ത്ത​രി നി​ര​ക്ക്. സ്വ​കാ​ര്യ​ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഖ​ത്ത​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി മി​നി​മം വേ​ത​ന സം​വി​ധാ​ന​ം രൂ​പവത്​​ക​രി​ക്കാ​നും മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ ​മേ​ഖ​ല​യി​ലെ ഖ​ത്ത​ർവത്​കരണ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തു​ക​യാ​ണ്.

സ്വദേശിവത്​കരണത്തി​െൻറ ഭാഗമായി രാജ്യത്ത്​ 2018ൽ നിയമിച്ചത്​ 3777 ഖത്തരികളെയാണ്​. 3255 ഖത്തരികൾക്ക്​ സർക്കാർ മേഖലയിലും 522 പേർക്ക്​ സർക്കാർ–സ്വകാര്യ സംയുക്​ത മേഖലയിലുമാണ്​ ജോലി ലഭിച്ചത്​. ഇതിൽ 1209 പേർ പുരുഷന്മാരും 2568 പേർ വനിതകളുമാണ്​. ആഗോള ബിസിനസ്​–സാമ്പത്തിക സ്​ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ (ക്യു.എഫ്.​സി) ഉയർന്ന തസ്​തികകളിൽ ഖത്തരികളെ മാത്രമാണ്​ നിലവിൽ നിയമിക്കുന്നത്​. ഖത്തറി​െൻറ ഷിപ്പിങ്​ –മാരിടൈം കമ്പനിയായ നകിലാത്​, സർക്കാർ വിദ്യാഭ്യാസ മേഖല എന്നിവയും ഖത്തരിവത്​കരണത്തി​െൻറ പാതയിലാണ്​. ഉയർന്നതും മധ്യത്തിലുള്ളതുമായ തസ്​തികകളിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ 80 ശതമാനവും സ്വദേശിവത്​കരിക്കപ്പെട്ടിട്ടുണ്ട്​. ഖത്തരി ബാങ്കിങ്​ മേഖലയിലെ ഖത്തരിവത്​കരണത്തി​െൻറ മികച്ച ഉദാഹരണമാണ്​ ഖത്തർ നാഷനൽ ബാങ്ക്​(ക്യു.എൻ.ബി). ബാങ്കിൽ ജോലി ചെയ്യുന്നവരിൽ 50 ശതമാനത്തിലധികം ഖത്തരികളാണ്​. ഉയർന്ന തസ്​തികകളിൽ ഇത്​ 77 ശതമാനത്തിലധികമാണ്​. 82 ശതമാനം ബ്രാഞ്ച്​മാനേജർമാരും ഖത്തരികളാണ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.