ത്രീ ടു വൺ ഖത്തർ ഒളിമ്പിക് മ്യൂസിയം
ദോഹ: കലയും സ്പോർട്സും ഡിജിറ്റൽ സാങ്കേതിക മികവും ഒന്നിച്ചു ചേർത്ത് പുതുമുകൾ സൃഷ്ടിക്കാൻ കഴിയുന്ന കലാകാരനാണോ...? അവർക്കായി അപൂർവമായൊരു അവസരമൊരുക്കാൻ ഒരുങ്ങുകയാണ് ത്രീ ടു വൺ ഖത്തർ ഒളിമ്പിക്സ് മ്യൂസിയവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കു കീഴിലെ ദി ഒളിമ്പിക് മ്യൂസിയവും. 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിന് മുന്നോടിയായി വേറിട്ട കലാസൃഷ്ടികൾ തയാറാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന റെസിഡൻസി പ്രോഗ്രാമിലേക്കുള്ള അവസരമാണ് മിടുക്കരായ കലാകാരന്മാരെ കാത്തിരിക്കുന്നത്.
ഖത്തർ ഒളിമ്പിക് മ്യൂസിയവും അന്താരാഷ്ട്ര ഒളിമ്പിക് മ്യൂസിയവും നടത്തുന്ന ഒളിമ്പിക് ഹെറിറ്റേജ് ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിലേക്കാണ് രണ്ട് കലാകാരന്മാർക്ക് അവസരമൊരുക്കുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് ലൊസന്നയിലും ദോഹയിലുമായി നടക്കുന്ന രണ്ടു മാസത്തെ റെസിഡൻസികളിൽ പങ്കെടുക്കാൻ അവസരം നൽകും. 3-2-1 ഖത്തർ ഒളിമ്പിക് മ്യൂസിയത്തിന്റെ ശേഖരങ്ങളിൽ ഉൾപ്പെടുത്തുന്നതിനും കൾചറൽ ഒളിമ്പ്യാഡിന്റെ ഭാഗമായി 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ പ്രദർശിപ്പിക്കുന്നതിനുമായി നൂതനവും ലോകശ്രദ്ധേയവുമായ കലാസൃഷ്ടികൾക്ക് രൂപം നൽകുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
18നും 35നുമിടയിൽ പ്രായമുള്ള കലാകാരന്മാർക്ക് ഈ റെസിഡൻസി പ്രോഗ്രാമിലേക്കുള്ള മത്സരത്തിൽ പങ്കെടുക്കാം. 2025 മേയ് 31 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിജയികളുടെ സൃഷ്ടികൾക്ക് 30,000 റിയാൽ സമ്മാനമായി നൽകും. അവരുടെ സൃഷ്ടി മ്യൂസിയം പ്രദർശന നിരയിലും ഉൾപ്പെടുത്തും. ഡിജിറ്റൽ നവീകരണത്തിലൂടെ കായിക സംസ്കാരത്തെ പുനർനിർവചിക്കുന്ന സൃഷ്ടികളായിരിക്കണം സമർപ്പിക്കേണ്ടത്. നിർമിതബുദ്ധി, വിവരാധിഷ്ഠിത കല, ഓഗ്മെന്റ്, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെ ഏത് തരത്തിലുള്ള ഡിജിറ്റൽ മീഡിയയിലും പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര പാനൽ ജൂലൈ 16ന് തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരെ പ്രഖ്യാപിക്കും.
3-2-1 ഖത്തർ ഒളിമ്പിക് മ്യൂസിയം മികവിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഖത്തർ ഒളിമ്പിക് മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസുഫ് അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.