ദോഹ: വിദ്യാഭ്യാസ മേഖലയുടെ പുനരധിവാസം ലക്ഷ്യമിട്ട് അഫ്ഗാനിസ്താനിലേക്ക് 60 ടൺ വരുന്ന വിദ്യാഭ്യാസ സാമഗ്രികളും മാനുഷിക സഹായവുമയച്ച് ഖത്തർ. അഫ്ഗാൻ ജനതക്ക് പിന്തുണ നൽകാനും അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ആവശ്യമായ അടിയന്തര സഹായമെത്തിക്കാനുമുള്ള ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. വിദേശകാര്യ മന്ത്രാലയം, എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ, അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രാലയം, യൂനിസെഫ്, എജുക്കേഷൻ കനോട്ട് വെയിറ്റ് എന്നിവരുടെ പങ്കാളിത്തത്തിൽ അഫ്ഗാനിസ്താനിലെ വിദ്യാഭ്യാസ പ്രതിസന്ധി സംബന്ധിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ഖത്തർ ഈയിടെ ചർച്ച സംഘടിപ്പിച്ചിരുന്നു.
എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകേണ്ടതിന്റെ ആവശ്യകതയും വെല്ലുവിളികൾ കൈകാര്യംചെയ്യുന്നതിന് ഒരു പൊതു കാഴ്ചപ്പാട് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ പങ്കെടുത്തവർ ഉന്നയിച്ചിരുന്നു. എല്ലാ പ്രദേശങ്ങളിലെയും മുഴുവൻ അഫ്ഗാൻ വിദ്യാർഥികൾക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതക്ക് ചർച്ചയിൽ അംഗീകാരം നൽകിയിരുന്നു.
ഖത്തറിൽനിന്നു കാബൂളിലേക്കുള്ള എയർബ്രിഡ്ജ് വഴി നൂറുകണക്കിന് ടൺ മാനുഷികസഹായങ്ങളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി അഫ്ഗാന് അടിയന്തര മാനുഷിക സഹായം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.