ഡി.ഇ.സി.സിയിൽ നടന്ന പ്രഥമ ഖത്തർ ടോയ് ഫെസ്റ്റിൽ നിന്ന്
ദോഹ: പൊള്ളുന്ന വേനൽ ചൂടിനും അവധിക്കാലത്തിനുമിടയിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ വീണ്ടും ടോയ് ഫെസ്റ്റിവൽ എത്തുന്നു. ‘യുവർ സമ്മർ സ്റ്റാർട്സ് ഹിയർ’ കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെ വേനൽ പരിപാടികളുടെ ഭാഗമായി ടോയ് ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കം. ആഗസ്റ്റ് 14 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഏറ്റവും വലിയ കളിപ്പാട്ട മഹോത്സവത്തിനാണ് വിസിറ്റ് ഖത്തർ ഡി.ഇ.സി.സിയിൽ വേദിയൊരുക്കുന്നത്.
കഴിഞ്ഞ വർഷം ആരംഭിച്ച്, സ്വദേശികളും താമസക്കാരും ഉൾപ്പെടെ കുടുംബങ്ങൾ ഏറ്റെടുത്ത കളിപ്പാട്ട മേള, ആദ്യ പതിപ്പിനേക്കാൾ മികവുറ്റ രീതിയിലാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ തത്സമയ പ്രദർശനങ്ങളും എക്സ്ക്ലൂസിവ് ആക്ടിവേഷനുകളും കുടുംബങ്ങൾക്ക് പുതിയ അനുഭവം സമ്മാനിക്കും. മേളയിലെത്തുന്ന കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും കളിപ്പാട്ടങ്ങൾ, പ്രകടനങ്ങൾ, കുട്ടികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും കളിസ്ഥലങ്ങളും ഖത്തർ ടോയ് ഫെസ്റ്റിവൽ എത്തിക്കും. കഴിഞ്ഞ വർഷം വിജയകരമായി പൂർത്തിയാക്കിയ മേള, ആ വർഷത്തെ കലണ്ടറിലെ ഏറ്റവും മികച്ച പരിപാടികളിലൊന്നായാണ് വിലയിരുത്തപ്പെട്ടത്.
മൂന്ന് പുതിയ സോണുകൾ
ഈ വർഷത്തെ ഖത്തർ ടോയ് ഫെസ്റ്റിവലിൽ മൂന്ന് പുതിയ സോണുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 10 സോണുകളിലായാണ് ഫെസ്റ്റിവൽ നടക്കുക. പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിവയാണ് ഫെസ്റ്റിവലിലെ സോണുകൾ.
ആരാധകരുടെ പ്രിയ ബ്രാൻഡുകളായ ബാർബി, മാർവൽ, ആംഗ്രി ബേഡ്സ്, നരുട്ടോ, ലോൽ തുടങ്ങിയ 50ലധികം ബ്രാൻഡുകളാണ് ഇത്തവണയെത്തുന്നത്. 76 മാസ്കോട്ടുകളും തത്സമയ പ്രദർശനങ്ങളുമായി മിസ്റ്റർ ബീൻ ആൻഡ് ബാർണി ഉൾപ്പെടുന്ന പുതിയ ബ്രാൻഡുകളും മേളയുടെ രണ്ടാം പതിപ്പിൽ അവതരിപ്പിക്കപ്പെടും.
സംഗീതക്കച്ചേരികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, മത്സരങ്ങൾ, ഇൻഫ്ലൂവൻസർമാരുടെ പ്രകടനങ്ങൾ, റാഷാ റിസ്ഗ്, അദ്നാൻ കുടുംബം, തൽഫാൻ കുടുംബം, ഫൗസി മൂസി, ബ്ലിപ്പി, മസാക്ക കിഡ്സ് തുടങ്ങിയവ ഉൾപ്പെടുന്ന പരേഡുകളും 19 സ്റ്റേജ് ഷോകളും ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് റീട്ടെയിൽ സ്റ്റോറുകളും മേളയിൽ പങ്കെടുക്കും. ഖത്തറിലെ വേനൽ കലണ്ടറിൽ ഖത്തർ ടോയ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ ടൂറിസം ഇവൻറ്സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്നിക്കൽ വിഭാഗം ആക്ടിങ് ഹെഡ് ഹമദ് അൽ ഖാജ പറഞ്ഞു. ടിക്കറ്റുകൾക്കായി വിർജിൻ മെഗാ സ്റ്റോർ, ക്യൂ ടിക്കറ്റ്സ് എന്നിവ സന്ദർശിക്കുക. 50 റിയാലിന്റെ എൻട്രി ടിക്കറ്റ്, 300 റിയാലിന്റെ ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ്, 200 റിയാലിന്റെ കുടുംബ ടിക്കറ്റ് എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.