ദോഹ: സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഖത്തർ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സുരക്ഷ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു.
കോർപറേഷനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സൈബർ സുരക്ഷ ഭീഷണികൾ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വാണിങ് എന്ന സൈബർ സുരക്ഷ പ്ലാറ്റ്ഫോം അവതരിപ്പിച്ചതായി ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ) അറിയിച്ചു.
സൈബർ ആക്രമണങ്ങൾ വ്യാപകമായതിനെ തുടർന്നാണ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ സുരക്ഷ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വ്യാജ ഡൊമൈനുകൾ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക, ഉപദ്രവകരമായ സോഫ്റ്റ് വെയറുകൾ കണ്ടെത്തുക, അപകടകാരികളായ എൻറർപ്രൈസ് നെറ്റ്വർക്ക് ട്രാഫിക്ക് തിരിച്ചറിയുക തുടങ്ങിയവയാണ് 'വാണിങ്ങി'ന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ.
ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തുർക്കിയിലെ ടി.ഒ.ബി.ബി യൂനിവേഴ്സിറ്റി ഇക്കണോമിക്സ് ആൻഡ് ടെക്നോളജി, കദിർ ഹാസ് യൂനിവേഴ്സിറ്റി, സൈബർ ഇൻറലിജൻസ്-സൈബർ ഡിഫൻസ് കമ്പനിയായ ഇൻറർപ്രോബ് എന്നിവയുമായി സഹകരിച്ച് ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരാണ് മൂന്നുവർഷത്തെ ശ്രമഫലമായി സൈബർ സുരക്ഷ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്.
ഖത്തർ നാഷനൽ റിസർച്ച് ഫണ്ട് (ക്യു.എൻ.ആർ.എഫ്), സയൻറിഫിക് ആൻഡ് ടെക്നോളജിക്കൽ റിസർച്ച് കൗൺസിൽ ഓഫ് തുർക്കി എന്നിവർ സംയുക്തമായി അനുവദിച്ച 16.5 ലക്ഷം ഡോളറിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പുതിയ സംവിധാനം.ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന്‍റെ പശ്ചാത്തലത്തിൽ ഖത്തർ സൈബർ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2013ൽ ദേശീയ സൈബർ സുരക്ഷ സ്ട്രാറ്റജി വികസിപ്പിച്ചിരുന്നു.2006ൽ ഖത്തർ എമർജൻസി റെസ്പോൺസ് ടീമിനും ഖത്തർ രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.