ഖത്തറിലെ ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ ടീം അംഗങ്ങൾ ആരോഗ്യമന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ്, എച്ച്.എം.സി എം.ഡി മുഹമ്മദ് ബിൻഖലീഫ അൽ സുവൈദി എന്നിവർക്കൊപ്പം. സംഘാംഗമായ മലയാളി ഡോ. അബ്ദുൽ റഷീദ് പട്ടം വലതു നിന്നും രണ്ടാമത്
ദോഹ: ഖത്തറിന്റെ ആരോഗ്യപരിചരണ മേഖലയിൽ ചരിത്രനേട്ടവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. രാജ്യത്തെ ആദ്യ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ എച്ച്.എം.സിക്കു കീഴിലെ ഹാർട്ട് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
നാൽപത്തിരണ്ടുകാരനായ ബംഗ്ലാദേശ് സ്വദേശിയെയാണ് ഹൃദയം മാറ്റിവെച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിച്ച് എച്ച്.എം.സി ഹൃദ്രോഗ ആശുപത്രി രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ശ്രദ്ധേയമായ നേട്ടത്തിലേക്ക് വഴിതുറന്നത്. ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗിയുടെ പുതിയ ഹൃദയം പുതുജീവിതത്തിലേക്ക് മിടിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഖത്തറിന്റെ ആരോഗ്യ പരിചരണത്തിലെ ശ്രദ്ധേയ ചുവടുവെപ്പ് എന്നതിനൊപ്പം, അവയവ മാറ്റ ചികിത്സയിലും പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടം.
ഖത്തർ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ്, എച്ച്.എം.സി മാനേജിങ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി എന്നിവർ ആശുപത്രിയിലെത്തി രോഗിയെ സന്ദർശിക്കുകയും, ചികിത്സക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഖത്തറിന്റെ ചരിത്രത്തിലെ അഭിമാന നിമിഷമെന്നായിരുന്നു മന്ത്രി മൻസൂർ ഇബ്രാഹിം അൽ മഹ്മൂദ് വിശേഷപ്പിച്ചത്. അവയവ മാറ്റിവെക്കൽ മേഖലയിൽ ശ്രദ്ധേയമായ ചുവടുവെപ്പാണ് വിജയകരമായ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കൈവരിച്ചത്. വിദഗ്ധരായ ഡോക്ടർമാരുടെയും അത്യാധുനിക ആശുപത്രി സംവിധാനങ്ങൾക്കും രാഷ്ട്ര നേതാക്കൾക്കും നന്ദിയർപ്പിക്കുന്നു.
ആരോഗ്യമേഖലയിൽ ഖത്തറിന് മുൻനിരയിൽതന്നെ ഇടം നൽകുന്നതാണ് ഈ നേട്ടം -മന്ത്രി പറഞ്ഞു. ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ കഴിയുന്നതോടൊപ്പം രാജ്യത്തിന്റെ അവയവമാറ്റ ശസ്ത്രക്രിയ പദ്ധതികൾക്ക് കരുത്ത് പകരാനും, ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ മെഡിക്കൽ സംഘത്തിന് മികവ് വർധിപ്പിക്കാനും അവസരമൊരുക്കുന്നു.
കാർഡിയാക് സർജൻ, ഹൃദ്രോഗവിദഗ്ധൻ, അനസ്തേഷ്യ, ഐ.സി.യു ടീം, കാർഡിയാക് സ്പെഷൽ നഴ്സുമാർ, നെഫ്രോളജി, പതോളജി, റിഹാബിലിറ്റേഷൻ, സൈക്യാട്രി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ചത്. രോഗിയുടെ ചികിത്സാ വേളയിലും ശസ്ത്രക്രിയ സമയത്തും, ശേഷവും സൂക്ഷ്മ നിരീക്ഷണവും പരിചരണവുമായി മെഡിക്കൽ സംഘം പ്രവർത്തിച്ചു.
അവയവം മാറ്റിവെക്കാനുള്ള രോഗിയെ തെരഞ്ഞെടുക്കുന്നത് മുതൽ ശസ്ത്രക്രിയക്ക് മുമ്പും, ശേഷവുമെല്ലാം ഏറ്റവും മികച്ച മെഡിക്കൽ ടീമിന്റെ ജാഗരൂകമായ ഇടപെടലുകൾ ആവശ്യമായ സങ്കീർണ ചികിത്സ കൂടിയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ.
ലോകോത്തര സ്പെഷലിസ്റ്റ് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ എച്ച്.എം.സി പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഖാലിദ് അൽ ജൽഹം പറഞ്ഞു. ഖത്തറിലെ ഹൃദ്രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് വിജയകരമായ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ഖത്തറിന്റെ ചരിത്രത്തിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ സംഘത്തിൽ മലയാളി സാന്നിധ്യമായി ഡോ. അബ്ദുൽ റഷീദ് പട്ടത്തും. ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ആശുപത്രി കാർഡിയോ തൊറാസിക് അനസ്തേഷ്യ മുൻ മേധാവിയും കൺസൾട്ടന്റുമായ ഡോ. റഷീദ് പട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ അനസ്തേഷ്യ ആൻഡ് ഐ.സി.യു ടീം പ്രവർത്തിച്ചത്.
സി.ടി.ഐ.സി.യു മേധാവി ഡോ. യാസർ ഷൗമാൻ, ഡോ. അമർ സലാസ് അൽസിദ് എന്നിവരും ടീമിന്റെ ഭാഗമായി. ഹാർട്ട് ആശുപത്രി കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. അലി കിൻദാവി ആണ് ഹമദിന്റെ ചരിത്രത്തിലെ ആദ്യ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഡോ. ശങ്കർ ബാലസുബ്രഹ്മണ്യൻ, ഡോ. ലത്തീഫ് വാനി എന്നിവരും ഭാഗമായി.
ശസ്ത്രക്രിയാ സംഘത്തെ ആരോഗ്യമന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദും എച്ച്.എം.സി എം.ഡി മുഹമ്മദ് ബിൻഖലീഫ അൽ സുവൈദിയും അഭിനന്ദിക്കുന്നു
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും, 12 മണിക്കൂറിനുള്ളിൽ രോഗി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങിയതായും ഡോ. റഷീദ് പട്ടത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷണങ്ങളിൽ കഴിഞ്ഞ രോഗി പൂർണആരോഗ്യം വീണ്ടെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പൂർണമായും ഹമദിനു കീഴിലെ ഡോക്ടർ-മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നിർവഹിച്ചതെന്നതും ചരിത്രനേട്ടമാണ്.
ഓപറേഷൻ തിയറ്ററിൽ രോഗിയുടെ അനസ്തറ്റിക് മാനേജ്മെന്റ് ഡോ. റഷീദും ഡോ. യാസർ ഷൗമാനും ചേർന്നാണ് കൈകാര്യം ചെയ്തത്. കാർഡിയാക് ഐ.സി.യുവിൽ റഷീദ് ഉൾപ്പെടെ മൂന്നുപേരും രോഗിയുടെ ചുമതല വഹിച്ചു. തൃശൂർ മെഡിക്കൽ കോളജ്, മൈസൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കിയ ഡോ. റഷീദ് 2003ൽ ആണ് ഹമദ്മെഡിക്കൽ കോർപറേഷന്റെ ഭാഗമാവുന്നത്.
2012 മുതൽ 2020 വരെ എച്ച്.എം.സി കാർഡിയോതൊറാസിക് അനസ്തേഷ്യ ആൻഡ് സി.ടി ഐ.സി.യു മേധാവിയായിരുന്നു. കാർഡിയാക് അനസ്തറ്റിക്-സർജിക്കൽ ഐ.സി.യു മാനേജ്മെന്റ് സംവിധാനം എച്ച്.എം.സിയിൽ നടപ്പാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. നേരത്തേ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസി. പ്രഫസറായി ജോലി ചെയ്യവേയാണ് ഖത്തറിലെത്തുന്നത്.
ഖത്തറിലെ സ്വദേശികൾക്കും പ്രവാസി സമൂഹത്തിനുമിടയിൽ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധൻ എന്നതിനൊപ്പം കലാസാംസ്കാരിക വേദികളിലും ശ്രദ്ധേയ സാന്നിധ്യമാണ് ഡോ. റഷീദ് പട്ടത്ത്. തൃശൂർ ഒരുമനയൂർ സ്വദേശിയായ ഇദ്ദേഹം കൊച്ചിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.