ദോഹ: വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്കുള്ള ക്വാറന്‍റീൻ ഒഴിവാക്കിക്കൊണ്ടുള്ള കേരള സർക്കാറി​ന്‍റെ ഉത്തരവിനെ സ്വാഗതം ചെയ്ത്​ പ്രവാസലോകം. നാട്ടിൽ മടങ്ങിയെത്തുന്നവർക്കെല്ലാം ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീൻ ഏർപ്പെടുത്തിയ സർക്കാർ നിർദേശം ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികളെയായിരുന്നു ഏറെ വലച്ചത്​.

സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ​ശക്​തമായ പ്രതിഷേധമുയർന്നതിനു പിറകെയാണ്​ ജനുവരി എട്ടിന്​ പ്രാബല്ല്യത്തിൽ വന്ന നിർദേശം പിൻവലിക്കുന്നത്​. ഒമിക്രോൺ റിപ്പോർട്ട്​ ചെയ്തതിനു പിറകെയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ വിദേശയാത്രക്കാർക്കും ഏഴു ദിന ഹോം ക്വാറന്‍റീൻ നിർബന്ധമാക്കി പുതിയ മാർഗരേഖ പുറത്തിറക്കിയത്​. കേന്ദ്രം നിർദേശിച്ചതിനും രണ്ടു ദിനം മുമ്പേ കേരളം നിർദേശം നടപ്പാക്കുകയും ചെയ്തു.

രാഷ്ട്രീയ ഭിന്നതകൾ മറന്ന്​ ശക്​തമായ പ്രതിഷേധമായിരുന്നു പ്രസ്തുത നിർദേശത്തിനെതിരെ പ്രവാസ മണ്ണിൽനിന്നും ഉയർന്നത്​. ആൾക്കൂട്ടമാവുന്ന പാർട്ടി സമ്മേളനങ്ങളെയും, മന്ത്രിമാർ ഉൾപ്പെടെ അണിനിരന്ന്​ ജനനിബിഡമായ എടപ്പാൾ മേൽപാല ഉദ്​ഘാടനത്തെയു​മെല്ലാം കൂട്ടിക്കെട്ടി ട്രോളുകളുടെ പെരുമഴയായി. പ്രവാസ മണ്ണിൽ നിന്നും നിരവധി സംഘടനകൾ സർക്കാറിനെതിരെ പ്രതിഷേധമുയർത്തുകയും പരാതി ബോധിപ്പിക്കുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.

ഒടുവിലാണ്​ ഏതാണ്ട്​ ഒരുമാസത്തോടടുക്കവെ സർക്കാർ നിലപാട്​ മയപ്പെടുത്തി ഇളവുകൾ നൽകിയത്​. വെള്ളിയാഴ്ചത്തെ നിർദേശപ്രകാരം രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് ക്വാറന്‍റീൻ നിർബന്ധം. ഇളവ് ഏറ്റവും അനുഗ്രഹമാവുന്നത് അടിയന്തര ആവശ്യങ്ങൾക്കായി ഹൃസ്വ അവധിക്ക് നാട്ടിൽ പോവുന്നവർക്കാണ്.

അടുത്ത ബന്ധുക്കളുടെ കല്യാണം, മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പത്ത് ദിവസത്തിൽ കുറഞ്ഞ ഹൃസ്വകാല ലീവെടുത്ത് നാട്ടിലെത്തുന്നവരാണ് ക്വാറന്‍റീൻ നിയമത്തിൽ ഏറെ പെട്ടുപോയത്. നാട്ടിൽ ക്വാറന്‍റീനായതോടെ, ഹൃസ്വ അവധികൾ റദ്ദാക്കിയവരുമുണ്ടായി. നാട്ടിലേക്കുള്ള മടക്കം കുറഞ്ഞതോടെ ടിക്കറ്റ്​ കാൻസലേഷനും ഈ കാലയളവിൽ വർധിച്ചതായി ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

തീരുമാനം മാറ്റിയതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ ലളിതമായി മാറും. ഏപ്രിൽ ആദ്യത്തിൽ റമദാൻ ആരംഭിക്കാനിരിക്കെ നാട്ടിൽ പോവുന്നവർക്കും സ്കൂൾ വാർഷികാവധിയിൽ മടങ്ങുന്നവർക്കുമെല്ലാം ആശ്വാസകരമാണ്​ തീരുമാനം. ചികിത്സക്കും മറ്റുമായി കേരളത്തിലെത്തുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് ഏറെ അനുഗ്രഹമാവുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിരവധി വിദേശികളാണ് കേരളത്തിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. കേരളത്തിൽ ചുരുങ്ങിയ ചെലവിൽ കിട്ടുന്ന മികച്ച ചികിത്സയെയാണ് വിദേശികളെ കേരളത്തിലേക്ക് അടുപ്പിക്കുന്നത്.

Tags:    
News Summary - Quarantine no imprisonment; Exile in relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.