മാസപ്പിറവി കണ്ടില്ല, ഖത്തറിൽ നാളെ റമദാൻ ആരംഭം •പള്ളികളിൽ തറാവീഹ് നമസ്കാരമില്ലദോഹ: ഞായറാഴ്ച റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഖത്തറിൽ റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കും. ഏപ്രിൽ 12 തിങ്കളാഴ്ച, ഹിജ്റ വർഷം 1442 ശഅ്ബാനിലെ അവസാന ദിവസമായിരിക്കും. ഏപ്രിൽ 13ന് ചൊവ്വാഴ്ച ഈ വർഷത്തെ റമദാന് തുടക്കംകുറിക്കും. ഞായറാഴ്ച റമദാൻ മാസപ്പിറവി കണ്ടിട്ടില്ലെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴിലെ മാസപ്പിറവി നിർണയ സമിതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും കോവിഡിെൻറ പ്രതിസന്ധി രൂക്ഷമായ സമയത്താണ് ഖത്തറിൽ റമദാൻ ആഗതമാകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ, എല്ലാ പള്ളികളും അഞ്ചു നേരത്തേ നമസ്കാരത്തിനും ജുമുഅക്കും തുറക്കും. അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും ടോയ്ലറ്റുകളും അടഞ്ഞുതന്നെ കിടക്കും. നമസ്കാരത്തിന് എത്തുന്നവർ സ്വന്തമായി നമസ്കാരപടം കൊണ്ടുവരണം. പള്ളികളിലെ ഖുർആൻ ഉപയോഗിക്കാൻ പാടില്ല. മൊബൈലിൽ ഖുർആൻ പാരായണം നടത്താം. എന്നാൽ, റമദാനിൽ പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ല. വീടുകളിൽനിന്ന് തറാവീഹ് നമസ്കാരം നിർവഹിക്കണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
റമദാനുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായിട്ടുണ്ട്. അഞ്ഞൂറിലെ ഉൽപന്നങ്ങള് നിയന്ത്രിത വിലയില്‍ വാണിജ്യ വ്യവസായ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അവശ്യ ഉൽപന്നങ്ങളായ ധാന്യപ്പൊടികൾ, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, എണ്ണ, പാൽ തുടങ്ങി ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളാണ് ഇങ്ങനെ ലഭ്യമാകുന്നത്. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികപ്രകാരം, ക്യു.എഫ്.എം ധാന്യപ്പൊടി നമ്പർ 1 (അഞ്ചു കിലോ) 16 റിയാലിന് ലഭിക്കും. ക്യു.എഫ്.എം ഗോതമ്പുപൊടി (10 കിലോഗ്രാം) 22.25 റിയാലിനും ഒലിവ് എണ്ണ (500 മില്ലി ലിറ്റർ) 11.25 റിയാലിനും യാര ശുദ്ധമായ സൺഫ്ലവർ ഓയിൽ (1.8 ലിറ്റർ) 15 റിയാലിനും ലഭ്യമാകും.
ബലദ്നയുടെ ഫ്രഷ് യോഗർട്ട് ഫുൾഫാറ്റ് (2 കിലോഗ്രാം) 10 റിയാലിനും ഡാൻഡി കമ്പനിയുടെ ലബൻ (2 ലിറ്റർ) 6.75 റിയാലിനും ലഭിക്കും. ഈ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക വിപണിയിലെ മാംസലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്.
ഭക്ഷ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയും കർശനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.