ദോഹ: ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ കർക്കശമാക്കിയ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഖത്തർ സാധാരണ ജീവിതത്തിലേക്ക്. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ തീരുമാനിച്ചിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞു വരുന്നതും, രോഗമുക്തി കൂടുന്നതും കണക്കിലെടുത്തായിരുന്നു നിയന്ത്രണങ്ങളിലെ ഇളവുകൾ.
പുതിയ നിർദേശപ്രകാരം മാളുകളിൽ കുട്ടികൾക്കും വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവരും ഉൾപ്പെടെ എല്ലാവർക്കും മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പ്രവേശനം അനുവദിക്കും. നൂറുശതമാനം ശേഷിയിൽതന്നെ പ്രവർത്തനം പുനരാരംഭിക്കാനും അനുവാദമുണ്ട്. എന്നാല്‍, മാളുകളിലെയും കോംപ്ലക്സുകളിലെയും ഭക്ഷണശാലകള്‍ക്ക് 50 ശതമാനം ശേഷിയിലേ പ്രവര്‍ത്തനാനുമതിയുള്ളൂ.
12നു താഴെ പ്രായമുള്ള കുട്ടികൾക്കും പള്ളികളിൽ പ്രവേശനം നൽകാൻ ഇസ്ലാമിക മതകാര്യ മന്ത്രാലയ നിർദേശം. അംഗശുദ്ധി വരുത്താനുള്ള സൗകര്യവും ശൗചാലയങ്ങളും തുറന്നുനൽകാനും നിർദേശിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. നമസ്കാരത്തിനിടയിൽ അരമീറ്റർ ദൂരവും നിലനിർത്തണം.
ശനിയാഴ്ച മുതൽ ദോഹ മെട്രോ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ 75 ശതമാനം പേർക്ക് യാത്രാനുമതി. മന്ത്രിസഭ തീരുമാന പ്രകാരം ദോഹ മെട്രോ, ലുഹൈൽ ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവിസുകളിൽ 75 ശതമാനം ശേഷിയിൽ യാത്രക്കാർക്ക് അനുവാദം നൽകുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുഗതാഗത സേവനം 60 ശതമാനമായി കുറച്ചിരുന്നു. അതേസമയം, ഭക്ഷണ പാനീയങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശീശ ഉപയോഗിക്കാൻ വാണിജ്യമന്ത്രാലയം അനുമതി. ഇൻഡോർ ഇടങ്ങളിൽ വാക്സിനേറ്റഡ് ആയ മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്കും പ്രവേശനാനുമതി. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള റസ്റ്റാറന്റുകളിൽ 75 ശതമാനവും, അല്ലാത്തവയിൽ 40 ശതമാനവും ആളുകൾക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.