ദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ ഉറപ്പു നൽകുന്ന മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ഇനി കുടുംബപ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തിക്കാം. മെട്രാഷിലെ 'കമ്യൂണിക്കേറ്റ് വിത്ത് അസ്' മെനു വഴി കമ്യൂണിറ്റി പൊലീസിങ് വിൻഡോ ഉപയോഗിച്ച് വീടുകളിലും പുറത്തും പ്രയാസം നേരിടുന്നവർക്ക് ഒറ്റ ക്ലിക്കിൽ തന്നെ ബന്ധപ്പെട്ടവരിലേക്ക് പരാതി അറിയിച്ച് സഹായം നേടാൻ കഴിയും. കുടുംബതർക്കങ്ങൾ, വ്യക്തിപരമായ തർക്കങ്ങളും മറ്റും രമ്യമായി പരിഹാരം കാണാനുള്ള വഴികൾ, പെരുമാറ്റ ദൂഷ്യം, സാമൂഹിക പിന്തുണ, കൗൺസലിങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
സമീപകാലത്തായി നിരവധി അധിക സേവനങ്ങളാണ് മെട്രാഷിൽ ഉൾപ്പെടുത്തിയത്. വിസ അപേക്ഷ, ഐ.ഡി പുതുക്കൽ, ട്രാഫിക് പ്രശ്നങ്ങൾ, വാഹന രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽനിന്ന് തുടങ്ങി, കുടുംബതർക്ക പരിഹാരത്തിലും കൗൺസലിങ്ങിലും വരെയെത്തി മെട്രാഷിലെ സേവനങ്ങൾ.
ഖത്തർ ഐ.ഡി, റെസിഡൻസ് പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സൂക്ഷിക്കുന്ന ഇ വാലറ്റ് സംവിധാനവും നിലവിലുണ്ട്.
അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, സ്പാനിഷ് എന്നിവയുള്‍പ്പെടെ ആറ് ഭാഷകളില്‍ നിലവിൽ 220ലേറെ സേവനങ്ങളാണ് മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലുള്ളത്.
പൊതുനിരത്തിലെ ട്രാഫിക് ലംഘനങ്ങൾ ചിത്രംസഹിതം റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഏതാനും ദിവസം മുമ്പാണ് ഉൾക്കൊള്ളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.