സൂഖ് വാഖിഫിൽ നിന്നുള്ള കാഴ്ച
ദോഹ: റമദാൻ നോമ്പ് 27ലെത്തിയതിനു പിന്നാലെ പെരുന്നാളിനെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കത്തിൽ പ്രവാസികളും സ്വദേശികളും. പുതു വസ്ത്രങ്ങൾക്കും പെരുന്നാൾ വിഭവമൊരുക്കാൻ സാധനങ്ങൾ വാങ്ങിക്കൂട്ടാനുമായി സൂഖ് വാഖിഫ് മുതൽ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും അഭൂതപൂർവമായ തിരക്കായി തുടങ്ങി.
റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പു തന്നെ പെരുന്നാൾ വിപണികൾ ഉണർന്നിരുന്നു. നോമ്പു തുറക്കു പിന്നാലെ സജീവമാകുന്ന സൂഖും മറ്റു വാണിജ്യ കേന്ദ്രങ്ങളും അർധരാത്രിയും പിന്നിട്ട് നേരംപുലരും വരെ കച്ചവടത്തിരക്കിലായി കഴിഞ്ഞു.
അറബ് കുടുംബങ്ങൾ പ്രധാനമായും സൂഖ് വാഖിഫും വക്റയും ഉൾപ്പെടെ പരമ്പരാഗത വിപണികളിലെത്തിയതാണ് തങ്ങളുടെ പെരുന്നാൾ വസ്ത്രങ്ങൾ സ്വന്തമാക്കുന്നത്. കന്തൂറയും തലപ്പാവും ഇഗാലും മുതൽ പരമ്പരാഗത വസ്ത്രങ്ങൾക്കാണ് പെരുന്നാൾ സമയങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ രാത്രി കാലങ്ങളിലാണ് സ്വദേശികളുടെ പ്രധാന ഷോപ്പിങ്. ഇതിനു പുറമെ, അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും സൂഖിനെ ഷോപ്പിങ്ങിനായി ആശ്രയിക്കുന്നുണ്ട്.
മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങൾ ഹൈപ്പർമാർക്കറ്റുകളും മാളുകളുമാണ്. ഇതിനു പുറമെ, വിലക്കുറവ് തേടി സൂഖിനോട് ചേർന്നുള്ള കടകളിലും ധാരാളം പേർ എത്തുന്നു. അവസാന പത്തിലെ രാത്രികളിലും പകൽ സമയങ്ങളിലുമായി വസ്ത്ര വിപണി സജീവമാണെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഉപഭോക്താക്കളെ ആകർഷിക്കാൻ ഹൈപ്പർമാർക്കറ്റുകൾ വമ്പൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷ-വനിതാ വസ്ത്രങ്ങൾ, ലേഡീസ് ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ എന്നിവക്കായി ‘ഹാഫ് പേ ബാക്ക്’ പ്രമോഷൻ പ്രഖ്യാപിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കളെ ക്ഷണിക്കുന്നത്.
വമ്പൻ സമ്മാനങ്ങളുമായി സഫാരി ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ ഡീൽസ്’ നേരത്തെ തുടങ്ങിയിരുന്നു. വസ്ത്രങ്ങളും, മാംസ-മത്സ്യങ്ങളുമായി ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിലും പെരുന്നാൾ വിപണി സജീവമാണ്. ഇതിനു പുറമെ ഗൃഹോപകരണ വിപണിയും സജീവമായി. റമദാൻ, പെരുന്നാൾ എന്നിവയോടനുബന്ധിച്ച് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും മാറ്റുക, പുതിയ താമസം മാറുക എന്നിവ വ്യാപകമായതിനാൽ ഈ വിപണിയിലും ഇപ്പോൾ കച്ചവടം തകൃതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.