ദോഹ: ശൈത്യകാലം ആരംഭിച്ചതോടെ വിശ്രമവേളകളോട് കൂടിയുള്ള താമസത്തിന് ഖത്തറിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും പ്രവാസികൾക്കിടയിൽ വളരെ പ്രചാരമുണ്ട്. മൂന്നു വർഷക്കാലം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ രാജ്യത്തുതന്നെ താമസിക്കുക എന്നത് അവധിക്കാല തെരഞ്ഞെടുപ്പിൽ ട്രെൻഡായി മാറിയിട്ടുണ്ട്.
അവധിയിൽ പ്രവേശിക്കാത്തവർക്ക് മികച്ച പരിഹാരമായാണ് ‘സ്റ്റേക്കേഷൻ’ വരുന്നത്. നഗര ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് അകന്ന് ഒരു ചെറിയ ഇടവേള (ഒന്നോ രണ്ടോ രാത്രികളിൽ) ആസ്വദിക്കാനും വിശ്രമിക്കാനുമായി അവർ ഒരു താമസസ്ഥലത്തേക്ക് മാറുന്നതാണ് ‘സ്റ്റേക്കേഷൻ’. കഴിഞ്ഞ ദിവസം മഴ തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ഇത് സജീവമായിരുന്നു. മഴ മാറിയാൽ ‘സ്റ്റേക്കേഷൻ’ പൂർവാധികം ശക്തിയോടെ തിരിച്ചുവരും.
ഖത്തറിൽ അറബ് പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചുള്ള സ്റ്റേക്കേഷൻ പാറ്റേണുകളാണ് വികസിപ്പിച്ചിരിക്കുന്നത്. താമസിക്കാൻ പോകുന്ന പലരും ഇപ്പോൾ ഹോട്ടലിന്റെ സുഖസൗകര്യങ്ങൾ പ്രദാനംചെയ്യുന്ന, മരുഭൂമിയിലോ കടൽത്തീരങ്ങളിലോ സ്ഥാപിച്ച ക്യാമ്പുകളും കാബിനുകളുമാണ് തിരഞ്ഞെടുക്കുന്നത്. സാധാരണ ഹോട്ടലുകളിൽ നിന്നും മാറി, ഹോട്ടലുകളുടെ ആധുനികതയും എന്നാൽ, പാരമ്പര്യം കൈവിടാതെയുമുള്ള ഇത്തരം സ്റ്റേക്കേഷൻ രീതികൾ മികച്ച അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.
സുഖകരമായ കാലാവസ്ഥയായതിനാൽ കുറച്ചു ദിവസത്തേക്ക് ദിനചര്യകളിൽനിന്നു മാറി മറ്റൊരു സ്ഥലത്ത് സമയം ചെലവഴിക്കുന്നത് ആശ്വാസം നൽകുമെന്നും നീണ്ട അവധിക്കാലത്തേക്കാളും വിദേശയാത്രകളേക്കാളും എളുപ്പമാണെന്നും ഖത്തറിൽ താമസിക്കുന്ന വർദ ഇംറാൻ പറയുന്നു.
ഹോട്ടലുകളിലും ക്യാബിനുകളിലും താമസം ആസ്വദിച്ചെങ്കിലും മിസൈദ് പ്രദേശത്തെ ടെൻറ് പോലെയുള്ള സൗകര്യങ്ങളിൽ താമസിച്ച അനുഭവം അസാധാരണമാണെന്ന് വർദ പറയുന്നു. കടലിനും മനോഹരമായ മണൽക്കൂനകൾക്കുമിടയിൽ ഒരു കൂടാരത്തിൽ താമസിക്കുന്നത് മികച്ച അനുഭവമാണെന്നും ‘ദി പെനിൻസുല’യോട് അവർ പറഞ്ഞു. കുടുംബം കടലിനടുത്തോ മരുഭൂമിയിലോ താമസിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് മറ്റൊരു താമസക്കാരനായ മെഹ്ദിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പത്തു വർഷത്തോളമായി ബീച്ചിൽ പോയി ക്യാമ്പ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഹോട്ടൽ പോലെയുള്ള സജ്ജീകരണമാണ് നൽകുന്നത്. മഹാമാരിക്കാലത്ത് ഞങ്ങൾ ആദ്യമൊക്കെ ഇവിടെ താമസിച്ചിരുന്നു. ഇപ്പോൾ അത് പതിവായിരിക്കുന്നു. കാലാവസ്ഥ കാരണം വേനൽക്കാലത്ത് താമസിക്കാൻ ഹോട്ടലുകൾ നല്ലതാണെന്നും മെഹ്ദി പറഞ്ഞു.
ടെൻറുകളും ക്യാമ്പുകളും പൂർണമായും ശീതീകരിച്ചതും ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയതുമായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങളും ബജറ്റും അനുസരിച്ച് സേവനദാതാക്കൾ വ്യത്യസ്ത അനുഭവങ്ങളോട് കൂടിയ വ്യത്യസ്ത റൂമുകളും സ്യൂട്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടെൻറുകളിലോ കാബിനുകളിലോ ഉള്ള മുറികളുടെ വലുപ്പവും സൗകര്യവുമനുസരിച്ച് ഒരു രാത്രിക്ക് 900 മുതൽ 3000 റിയാൽ വരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഖത്തറിൽ താമസ ആകർഷണങ്ങളും (സ്റ്റേക്കേഷൻ) ഒരു ജനപ്രിയ സംസ്കാരമായി മാറുന്ന കാഴ്ചയാണിപ്പോൾ. കോവിഡ് മഹാമാരിക്ക് ശേഷം ‘സ്റ്റേക്കേഷൻ’ 2022ലെ ഏറ്റവും മികച്ച ട്രെൻഡുകളിലൊന്നായി മാറുമെന്ന് ഇൻഡസ്ട്രി മാഗസിനായ ഹോട്ടലിയർ മിഡിലീസ്റ്റ് പ്രവചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.