ദോഹ: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ ഖത്തറിലെ സ്കൂൾ പഠനങ്ങൾ വീണ്ടും ഓഫ്ലൈനിലേക്ക്. ഞായറാഴ്ച മുതൽ രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന മുൻകരുതലുകൾ പാലിച്ചുകൊണ്ടായിരിക്കും 100 ശതമാനം ശേഷിയോടെ സ്കൂളുകളിലെ പഠനം ആരംഭിക്കുക.
ആദ്യ രണ്ട് ആഴ്ചയിൽ എല്ലാ വിദ്യാർഥികളും ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ റാപിഡ് ആന്റിജെൻ പരിശോധനക്ക് വിധേയരാവണം എന്ന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് പൂർണശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ നിർദേശം നൽകിയത്.
ആദ്യ രണ്ട് ആഴ്ചക്കുശേഷം, കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ മറാഗി അറിയിച്ചു.
സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്ക് അതത് സ്കൂളുകൾ മുഖേനെ ടെസ്റ്റ് കിറ്റ് ലഭ്യമാക്കും. വ്യാഴാഴ്ച മുതൽ രക്ഷിതാക്കൾ വശം പരിശോധന കിറ്റ് വിതരണം ചെയ്തുതുടങ്ങി.
കിൻഡർ ഗാർട്ടൻ മുതൽ എല്ലാ വിദ്യാർഥികൾക്കും ആന്റിജെൻ പരിശോധന നിർബന്ധമാണ്. വാക്സിൻ സ്വീകരിച്ചവരും രോഗംവന്ന് ഭേദമായവരും വാക്സിൻ എടുക്കാത്തവരും പരിശോധനക്ക് വിധേയരാവണം.
കോവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കുന്നോ എന്നുറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ സ്കൂളുകളിൽ പരിശോധന നടത്തും. കുട്ടികൾ, ജീവനക്കാർ തുടങ്ങി എല്ലാവരും മാസ്ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, ക്ലാസ്മുറികളിൽ വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയവ നിർബന്ധമായും പാലിക്കണം.
ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ജനുവരി ആദ്യം മുതൽ സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറ്റിയത്. ആദ്യം ഒരാഴ്ചത്തേക്കും പിന്നീട് ജനുവരി 27 വരെയുമായിരുന്നു സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റിയത്.
വാരാന്ത്യത്തിൽ ഹോം ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് കുട്ടികളുടെ പരിശോധന നടത്തേണ്ടത്. വെള്ളി അല്ലെങ്കിൽ ശനി ദിവസങ്ങളിൽ പരിശോധന നടത്തിയ ശേഷം, രക്ഷിതാവ് സാക്ഷ്യപത്രം പൂരിപ്പിച്ച് നൽകണം.
സാക്ഷ്യപത്രത്തിന്റെ മാതൃക വിദ്യഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. സ്കൂളിന്റെ പേര്, ക്യൂ.ഐഡി, ക്ലാസ്, പരിശോധനാ തീയതി-സമയം എന്നിവ രേഖപ്പെടുത്തി രക്ഷിതാവിന്റെ ഒപ്പോടുകൂടിയാണ് സാക്ഷ്യപത്രം നൽകേണ്ടത്.
പരിശോധനയിൽ നെഗറ്റിവാകുന്ന വിദ്യാർഥികൾക്ക് മാത്രമായിരിക്കും സ്കൂളിലേക്ക് പ്രവേശനം. പോസിറ്റിവായാൽ ഉടൻ അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി വീണ്ടും പരിശോധനക്ക് വിധേയരായി ഫലം സ്ഥിരീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.